- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ നിന്നുള്ളവർക്ക് കർണ്ണാടകത്തിലും ഉത്തരാഖണ്ഡിലും ആർടിപിസിആർ നിർബന്ധം; തമിഴ്‌നാട്ടിൽ നെഗറ്റീവ് സർട്ടിഫിക്കറ്റോ പൂർണ്ണ ഡോസോ അനിവാര്യം; ഗോവയിൽ അഞ്ച് ദിവസം ക്വാറന്റീൻ; ഗുജറാത്തിലും അധിക നിബന്ധനകൾ; കേരളത്തിലേക്ക് എത്താനും വാക്സിനോ സർട്ടിഫിക്കറ്റോ അനിവാര്യം; ഓമിക്രോണിൽ ജാഗ്രത കൂടുമ്പോൾ
ന്യൂഡൽഹി: ഓമിക്രോണിൽ പുതിയ മാർഗ്ഗരേഖ. കേരളം ഉൾപ്പെടെ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിലെയും ആഭ്യന്തര, വിദേശ യാത്രാ നടപടികളും നിബന്ധനകളും പുതുക്കുകായണ് കേന്ദ്രം. ഇത് വിശദീകരിച്ച് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ പുതിയ മാർഗരേഖ പുറത്തിറക്കി. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് പല സംസ്ഥാനങ്ങളും അധിക നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ അധിക നിബന്ധകളൊഴിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളിലേക്കും വിദേശത്തു നിന്നെത്തുന്നവർക്ക് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖയാണു ബാധകമാകുക. ഇതനുസരിച്ചു റിസ്‌ക് പട്ടികയിൽ ഉള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് കൂടുതൽ നിബന്ധനകളുണ്ട്. കേരളത്തിൽനിന്നു യാത്ര ചെയ്യുന്നവർക്ക് കർണ്ണാടകത്തിലും ഉത്തരാഖണ്ഡിലും തമിഴ്‌നാട്ടിലും നിയന്ത്രണങ്ങൾ കൂടുതലാണ്.
കേരളത്തിൽ നിന്നുള്ളവർ കർണാടക, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ആർടിപിസിആർ നെഗറ്റീവ് ഫലം ഹാജരാക്കണം. തമിഴ്‌നാട്ടിൽ 72 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ പൂർണ ഡോസ് വാക്‌സീൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ കാണിക്കണം. കേരളത്തിൽ നിന്നുള്ളവർക്ക് ഗോവയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് മാത്രം പോരാ. വിദ്യാർത്ഥികളും ജീവനക്കാരും അതതു സ്ഥാപനം നൽകുന്ന ക്വാറന്റീൻ സൗകര്യത്തിൽ 5 ദിവസം കഴിയണം, ശേഷം വീണ്ടും കോവിഡ് പരിശോധനയുണ്ടാകും.
ആരോഗ്യപ്രവർത്തകർ, 2 വയസ്സിൽ താഴെയുള്ള കുട്ടികൾ, മരണം ഉൾപ്പെടെ അടിയന്തര സാഹചര്യം എന്നിവയുടെ കാര്യത്തിൽ ഇളവുണ്ട്. കേരളം വഴി വരുന്ന മറ്റു സംസ്ഥാനക്കാരാണെങ്കിൽ മെഡിക്കൽ അടിയന്തരാവശ്യം, രോഗലക്ഷണമില്ലാത്ത 2 ഡോസ് വാക്‌സീനുമെടുത്ത് 15 ദിവസം കഴിഞ്ഞവർ എന്നിവർക്കു രേഖ ഹാജരാക്കിയാൽ ഇളവു നൽകും. ഗോവയിലേക്കു വിമാനമാർഗം പോകുന്നവർ സത്യവാങ്മൂലം നൽകണം.
ഗുജറാത്തിലെ പല മുനിസിപ്പൽ മേഖലയിലും കേരളത്തിൽ നിന്നുള്ളവർക്ക് അധിക നിബന്ധനയുണ്ട്. രണ്ടു ഡോസ് വാക്‌സീനും എടുത്ത് 15 ദിവസം കഴിഞ്ഞവരെങ്കിൽ ഇളവു നൽകും. 48 മണിക്കൂറിനുള്ളിൽ ലഭിച്ച നെഗറ്റീവ് കോവിഡ് റിപ്പോർട്ടുമായി മാത്രമേ ത്രിപുരയിലേക്കു പോകാനാവൂ.
കേരളത്തിലേക്ക് എത്തുമ്പോൾ ഏതു സംസ്ഥാനത്തു നിന്നു വന്നാലും വാക്‌സീൻ പൂർണമായി എടുത്തതിന്റെ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിൽ ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ഹാജരാക്കണം. രോഗലക്ഷണങ്ങളുമായാണു വരുന്നതെങ്കിൽ വാക്‌സീൻ സർട്ടിഫിക്കറ്റുണ്ടെങ്കിലും കോവിഡ് നെഗറ്റീവ് ഫലം നിർബന്ധം. ആഭ്യന്തര യാത്രക്കാർ വീട്ടിൽ ക്വാറന്റീനിൽ കഴിയേണ്ടതില്ല.
യാത്രയ്ക്ക് മുൻപ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും സർട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. ഇ പാസ് പരിശോധന വിമാനത്താവളത്തിലുണ്ടാകും.
മറുനാടന് മലയാളി ബ്യൂറോ