ബ്രിട്ടനിൽ ആശങ്ക പടർത്തിക്കൊണ്ട് ഓമിക്രോണും പടരുകയാണ്. രാജ്യത്തെ ഓമിക്രോൺ ബാധിതരുടെ എണ്ണം 160 കടക്കുമ്പോഴും ദൈനംദിനം റിപ്പോർട്ട് ചെയ്യുന്ന പുതിയ രോഗികളുടെ എണ്ണത്തിൽ വ്യത്യാസം വരാതെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 42,848 പേരിലാണ് പുതുതായി വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്്. ഇതിൽ 26 ഓമിക്രോൺ കേസുകളാണ് ഉള്ളത്. ഇന്നലെ 127 പേർ കോവിഡ് മൂലം മരിക്കുകയും ചെയ്തു. അതേസമയം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം പതിവു പോലെ ഉയരുകയാണ്. എന്നാൽ മരണ നിരക്ക് കുറയുന്നുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ആഴ്ചത്തെ അപേക്ഷിച്ച് മരണ നിരക്കിൽ 3.1 ശതമാനം കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ചത്തെ കണക്ക് അനുസരിച്ച് 131 പേർ മരിച്ചിരുന്നു. ഈ ശനിയാഴ്ച എത്തുമ്പോൾ മരണ കണക്ക് 127ലേക്ക് കുറഞ്ഞു. അതേസമയം കോവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ശനിയാഴ്ചത്തെ അപേക്ഷിച്ച് ഈ ആഴ്ചയിലെത്തുമ്പോൾ വർദ്ധനവും രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ച 39,567 പേർക്കാണ് കോവിഡ് ബാധിച്ചിരുന്നതെങ്കിൽ ഈ ആഴ്ച കോവിഡ് ബാധിതരുടെ എണ്ണം 42,848 ആയി കൂടിയിട്ടുണ്ട്. അതിനിടയിലാണ് ഓമിക്രോണും വരവറിയിച്ചിരിക്കുന്നത്.

ഇത് തുടർച്ചയായ നാലാം ദിവസമാണ് ബ്രിട്ടനിലെ കോവിഡ് കണക്കുകൾ ഉയരുന്നത്. ഇംഗ്ലണ്ടിൽ മാത്രം ഇന്നലെ 75 പേർക്ക് ഓമിക്രോൺ ബാധ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ജനം തെരുവിൽ ഇറങ്ങുന്നതോടെ ഓമിക്രോൺ കേസുകൾ ഉയരുമെന്ന ആശങ്കയും രാജ്യത്ത് ശക്തമായിട്ടുണ്ട്. അതിനാൽ നിയന്ത്രണങ്ങൾ കടിപ്പിച്ചേക്കുമെന്ന സൂചനയും സർക്കാർ നൽകുന്നു. ഈ ക്രിസ്തുമസ് കഴിയുന്നതും ആഘോഷങ്ങളും യാത്രകളും ഒഴിവാക്കി സാധാരണ പോലെ കൊണ്ടാടണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങളോട് നിർദേശിച്ചു.

ഓമിക്രോൺ വൈറസിനെതിരെ പോരാടാൻ കോവിഡ് വാക്സിന്റെ ബൂസ്റ്റർ ഡോസുകൾ എല്ലാവരും സ്വീകരിക്കണമെന്ന് എൻഎച്ച്എസ് ആവശ്യപ്പെട്ടു. അതേസമയം ആശങ്ക ഉയർത്തി ഓമിക്രോൺ പടരുമ്പോഴും ബ്രിട്ടനിൽ ആഘോഷങ്ങൾക്ക് ഒരു കുറവും ഇല്ല. ഫുട്ബോൾ അടക്കമുള്ള ആഘോഷങ്ങൾ രാജ്യമെങ്ങും തുടരുകയാണ്. ബ്രിട്ടൻ അടക്കം സകല യൂറോപ്യൻ രാജ്യങ്ങളിലും ലോക്ഡൗണിനെതിരെ ജനങ്ങൾ വീണ്ടും തെരുവിൽ ഇറങ്ങി. കോവിഡ് ലോക്ഡൗണിനെതിരെ ഓസ്ട്രിയയിലെ വിയന്നയിൽ ആയിരക്കണക്കിന് ജനങ്ങളാണ് പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.

യോർക്ക്, ബ്രിട്ടൻ എന്നിവിടങ്ങളിലും ' ഫ്രീഡം പ്രൊട്ടസ്റ്റു'മായി നൂറുകണക്കിന് ആളുകൾ തെരുവിലേക്ക് ഇറങ്ങി. നെതർലെന്റിലും പ്രതിഷേധ സമരങ്ങൾ അരങ്ങേറി. യൂറോപ്പിൽ കോവിഡിന്റെ പുതിയ വകഭേദം ഭീതി പരത്തുമ്പോൾ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ജനങ്ങൾ തെരുവിലേക്ക് ഇറങ്ങുന്ന കാഴ്ചയും ആശങ്കയേറ്രുന്നു. അതേസമയം 38 രാജ്യങ്ങളിൽ ഓമിക്രോൺ ബാധ റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും എങ്ങും ഒരു മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വാക്സിനെടുക്കാത്ത ജനങ്ങളാണ് പല രാജ്യങ്ങളിലും സർക്കാരിന് തലവേദനയാകുന്നത്. ഓസ്ട്രിയയിൽ ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിക്കുന്ന വാക്സിനെടുക്കാത്തവർക്ക് 500 യൂറോ പിഴ വിധിച്ചു.

അതേസമയം ഓമിക്രോൺ ബാധിതരുടെ എണ്ണം വർദ്ധിച്ചതോടെ ബ്രിട്ടൻ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. യുകെയിലേക്ക് വരുന്ന രണ്ട് വാക്‌സിനേഷനും എടുത്തവരുൾപ്പടെ എല്ലാ യാത്രക്കാരും വിമാനം കയറുന്നതിന് 48 മണിക്കൂർ മുന്നേ എടുത്ത കോവിഡ് ടെസ്റ്റ് കയ്യിൽ കരുതണം. പുതിയ നിയന്ത്രണങ്ങൾ അനുസരിച്ച് യാത്രക്കാർ രണ്ട് വാക്‌സിനേഷനും എടുത്തവരാണെങ്കിലും യാതൊരു ഇളവും ലഭിക്കില്ല. ഇംഗ്ലണ്ട്, സ്‌കോട്‌ലാൻഡ്, വെയിൽസ്, എ്‌നിവിടങ്ങളിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരും വാക്‌സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കാതെ 48 മണിക്കൂർ മുന്നേ എടുത്ത കോവിഡ് ടെസ്റ്റ് നിർബന്ധമായും കയ്യിൽ കരുതണം. ഡിസംബർ ഏഴിന് രാവിലെ നാലു മണിമുതലാണ് പുതിയ നിയമം നിലവിൽ വരുന്നത്.