പട്‌ന: എൻഡിഎയുടെ യോഗത്തിനിടെ ബിജെപി വനിതാ എംഎൽഎയെ അധിക്ഷേപിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിവാദ കുരുക്കിൽ. 'കാണാൻ സുന്ദരിയാണെങ്കിലും വിവരമില്ലല്ലോ' എന്നായിരുന്നു നിതീഷ്‌കുമാർ പറഞ്ഞത്. ബിഹാറിൽ നടന്ന എൻഡിഎയുടെ യോഗത്തിൽ വച്ചാണ് ബിജെപി എംഎൽഎ നിക്കി ഹെംബ്രോക്കെതിരെയുള്ള നിതീഷ് കുമാറിന്റെ പരിഹാസം.

ബിഹാറിൽ നടപ്പിലാക്കിയ മദ്യനിരോധനത്തിൽ ആദിവാസികൾക്ക് തൊഴിൽ നഷ്ടമായതായി നിക്കി ഹെംബ്രോ ചൂണ്ടിക്കാണിച്ചതാണ് നിതീഷ്‌കുമാറിനെ പ്രകോപിപ്പിച്ചത്. മദ്യനിരോധനത്തിലൂടെ ആദിവാസികൾ കാട്ടുപൂക്കളിൽ നിന്നുണ്ടാക്കിയിരുന്ന മഹുവ എന്ന മദ്യത്തിന്റെ നിർമ്മാണം നിർത്തിവെക്കേണ്ടതായി വന്നു. ഇത് ആദിവാസികൾക്കിടയിൽ തൊഴിലില്ലായ്മ സൃഷ്ടിച്ചുവെന്ന് നിക്കി ഹെംബ്രോ പറഞ്ഞു.

എന്നാൽ സർക്കാർ ആദിവാസികളുടെ പുനരുദ്ധാരണത്തിനായി നിരവധി വികസന പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. 'എംഎൽഎ കാണാൻ സുന്ദരിയാണെങ്കിലും വിവരമില്ലല്ലോ ആദിവാസികൾക്ക് വേണ്ടി സർക്കാർ എന്ത് ചെയ്തുവെന്നറിയാൻ എംഎൽഎ മണ്ഡലം സന്ദർശിക്കണമെന്നും' നതീഷ് കുമാർ തിരിച്ചടിച്ചു.

മുഖ്യമന്ത്രിയുടെ പരാമർശം തന്നെ ഏറെ വേദനിപ്പിച്ചതായി എംഎൽഎ വ്യക്തമാക്കി. നിക്കിയുടെ പരാതി പ്രതിപക്ഷവും ഏറ്റുപിടിച്ചതോടെ നിതീഷ് കുമാർ പ്രതിസന്ധിയിലായി. ഗോത്രവിഭാഗത്തിൽ നിന്നുള്ള വനിതാ എംഎൽഎയെ പരിഹസിച്ചത് നിതീഷ്‌കുമാറിനെ പോലെയൊരു സമുന്നത നേതാവിൽ നിന്നുണ്ടാകാൻ പാടില്ലാത്തതാണെന്ന് ആർജെഡി കുറ്റപ്പെടുത്തി.

നിതീഷിന്റെ പരിഹാസം വിവാദമായതോടെ എംഎൽഎക്ക് ആശയക്കുഴപ്പമുണ്ടായതാണെന്നും അവരെ അധിക്ഷേപിക്കാനായിരുന്നില്ല മുഖ്യമന്ത്രിയുടെ ഉദ്ദേശ്യമെന്നും ജെഡിയുവിൽ നിന്നുള്ള വനിതാ മന്ത്രി ലെഹ്സി സിങ് ന്യായീകരിച്ചു.