ഡെറാഢൂൺ: ഓടുന്ന ട്രെയിന് മുന്നിൽനിന്നു സെൽഫി എടുക്കാൻ ശ്രമിച്ച സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം. യുവാക്കളായ ലോകേഷ് ലോഹാനി, മനീഷ് കുമാർ എന്നിവരാണ് മരിച്ചത്. ഉത്തരാഖണ്ഡിലെ രുദ്രാപുരിലാണ് സംഭവം. രണ്ടാളും മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ട്രാക്കിൽ കയറിനിന്ന് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ അതിവേഗം പാഞ്ഞെത്തിയ ട്രെയിൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇരുവരും അൽമോറയിൽനിന്ന് രുദ്രാപുരിൽ താമസിക്കുന്ന ലോകേഷിന്റെ സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു.

വീട്ടിൽനിന്നും നടക്കാനിറങ്ങിയ ഇരുവരും ഓടുന്ന ട്രെയിന് മുന്നിൽ സെൽഫി എടുക്കാൻ ശ്രമിക്കുകയായിരുന്നു. ഡെറാഡൂണിൽനിന്ന് കാത്ഗോഡമ്മിലേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.