ലക്‌നൗ: ഉത്തർ പ്രദേശിലെ ഹാപ്പുർ പട്ടണത്തിൽ ആറ് വയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് അംജദ് (38) എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. ഇയാൾ കുറ്റസമ്മതം നടത്തിയെന്നും കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചെന്നും പൊലീസ് അറിയിച്ചു.

സംഭവത്തെക്കുറിച്ചു പൊലീസ് പറയുന്നതിങ്ങനെ,'വ്യാഴാഴ്ച വീട്ടിൽനിന്നു കടയിലേക്കു പോയ കുട്ടിയെ അയൽവാസിയായ പ്രതി വീടിനുള്ളിലേക്കു പിടിച്ചുവലിച്ചു കൊണ്ടുപോയി പീഡിപ്പിച്ചതിനു ശേഷം കൊലപ്പെടുത്തി. പ്രതിയുടെ ഭാര്യയും 2 മക്കളും സംഭവസമയത്തു വീട്ടിൽ ഉണ്ടായിരുന്നില്ല'.

കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ വെള്ളിയാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. പിന്നീടു സമീപത്തുള്ള മറ്റൊരു വീടിന്റെ ട്രങ്കിൽനിന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിലാണു പൊലീസ് പ്രതിയെ പിടികൂടിയത്. ഇയാൾ ലഹരി ഉൽപന്നങ്ങൾക്ക് അടിമയാണെന്നു പൊലീസ് പറഞ്ഞു. പ്രതിയെ കയ്യേറ്റം ചെയ്യാൻ സമീപവാസികൾ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.