വാസ്‌കോ: പത്ത് മാസങ്ങൾക്കു ശേഷം ഐഎസ്എലിൽ കേരളത്തിന്റെ വിജയം. ഒഡീഷ എഫ്‌സിയെ 2-1ന് മറികടന്നാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ആദ്യ ജയം സ്വന്തമാക്കിയത്. സ്പാനിഷ് താരം അൽവാരോ വാസ്‌കെസ് (62'), മലയാളി താരം കെ.പ്രശാന്ത് (85) എന്നിവർ നേടിയ ഗോളാണ് ബ്ലാസ്‌റ്റേഷ്‌സിന്റെ വിജയമായി മാറിയത്.

കഴിഞ്ഞ സീസണിലും ഈ സീസണിലുമായി 10 മാസങ്ങൾക്കു ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ഐഎസ്എലിൽ ഒരു വിജയം നേടുന്നത്. ഒഡീഷയുടെ ആശ്വാസഗോൾ ഇൻജറി ടൈമിൽ നിഖിൽ രാജിന്റെ വക. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ 6ാം സ്ഥാനത്തേക്കു കയറി. അടുത്ത കളി ഞായറാഴ്ച ഈസ്റ്റ് ബംഗാളിനെതിരെ.

മുന്നേറ്റത്തിൽ മിന്നിക്കളിച്ച അഡ്രിയാൻ ലൂണ കൂടിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയശിൽപി. 2 ഗോളുകളിലും യുറഗ്വായ് താരത്തിന്റെ കാൽസ്പർശമുണ്ട്. 62ാം മിനിറ്റിൽ ലൂണയുടെ ഉജ്വലമായ ത്രൂ ബോൾ കിട്ടിയ വാസ്‌കെസ് 30 വാരയോളം ഓടിക്കയറി, ഒഡീഷ ഗോളി കമൽജിതിനെ മറികടന്ന് തുറന്ന പോസ്റ്റിലേക്ക് പന്തു പായിച്ചു. ലൂണയുടെ മറ്റൊരു പാസ് കമൽജിത് കയ്യെത്തിപ്പിടിക്കുന്നതിനു തൊട്ടു മുൻപ് ഗോളിലേക്കുയർത്തി വിട്ട് പ്രശാന്ത് 2ാം ഗോളും നേടി.

സഹൽ അബ്ദുൽ സമദിനു പകരം 2ാം പകുതിയിലാണു പ്രശാന്ത് ഇറങ്ങിയത്. 76ാം മിനിറ്റിൽ ഗോൾ കിക്ക് എടുക്കുന്നതിനിടെ കാൽ പിണഞ്ഞ കീപ്പർ ആൽബിനോ ഗോമസ് മൈതാനത്തു നിന്നു കയറിയതിനാൽ പകരക്കാരൻ പ്രഭ്‌സുഖൻ ഗിൽ ആണ് പിന്നീട് ബ്ലാസ്റ്റേഴ്‌സിന്റെ വല കാത്തത്.