വാളയാർ: ബസ് യാത്രയ്ക്കിടെ സ്‌കൂൾ വിദ്യാർത്ഥിയായ പതിമൂന്നുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച സിവിൽ എക്‌സൈസ് ഓഫിസർക്കെതിരെ കേസെടുത്തു. കൊല്ലം ഓച്ചിറ സ്വദേശി, കഞ്ചിക്കോട് കെഎൻ പുതൂരിൽ ഡിസ്റ്റലറീസിലെ സിവിൽ എക്‌സൈസ് ഓഫിസർ ജയപ്രകാശിനെതിരെയാണു (50) വാളയാർ പൊലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തത്. പൊലീസ് അന്വേഷണം തുടങ്ങിയതിനു പിന്നാലെ പ്രതി ഒളിവിൽ പോയി.

ഇയാൾക്കെതിരെ സമായനായ പരാതികൾ നേരത്തേയും ഉയർന്നതായി പൊലീസ് പറയുന്നു. ബസ് യാത്രയ്ക്കിടെ അടുത്തു വന്നിരുന്ന ഇയാൾ ഉപദ്രവിച്ചെന്നും ബസിൽനിന്ന് ഇറങ്ങിയ ശേഷം പിന്തുടർന്നെങ്കിലും തൊട്ടടുത്ത ഹോട്ടലിൽ കയറി രക്ഷപ്പെട്ടെന്നുമാണു കുട്ടിയുടെ മൊഴി. കുട്ടിയെ കൗൺസിലിങ്ങിനു വിധേയനാക്കി. ഇയാൾക്കെതിരെ ഒറ്റപ്പാലത്തും കൊല്ലത്തും സമാനമായ 2 സംഭവങ്ങളുണ്ടായെങ്കിലും പരാതി ലഭിക്കാത്തതിനാൽ കേസ് എടുത്തിരുന്നില്ലെന്നു വാളയാർ പൊലീസ് അറിയിച്ചു.