ശബരിമല: തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന 25നും മണ്ഡല പൂജ നടക്കുന്ന 26നും നടക്കും. തങ്ക അങ്കി ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് 22ന് പുറപ്പെടും. 22ന് രാത്രി ഓമല്ലൂർ രക്തകണ്ഠ സ്വാമി ക്ഷേത്രം, 23ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം, 24ന് റാന്നി പെരുനാട് കക്കാട്ട് കോയിക്കൽ ധർമശാസ്താ ക്ഷേത്രം എന്നിവിടങ്ങളിൽ വിശ്രമിച്ച ശേഷം 25ന് ഉച്ചയ്ക്ക് ഒന്നിന് പമ്പയിലെത്തും. മൂന്ന് വരെ പമ്പ ഗണപതി കോവിലിൽ ദർശനം.

പിന്നീട് പൊലീസ് അകമ്പടിയിൽ അയ്യപ്പ സേവാസംഘം പ്രവർത്തകർ ചുമന്ന് ശരംകുത്തിയിൽ എത്തിക്കും. വൈകിട്ട് 5ന് സന്നിധനത്തുനിന്ന് ശരംകുത്തിയിൽ എത്തുന്ന സംഘം ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്ത് എത്തിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി 6.30ന് ദീപാരാധന നടക്കും. 26ന് ഉച്ചയ്ക്കാണ് മണ്ഡലപൂജ.

ശബരിമലയിൽ ഇന്ന്
നട തുറക്കൽ 4.00, അഭിഷേകം 5.00 മുതൽ 7.00 വരെ മാത്രം, ഉദയാസ്തമയ പൂജ 8.00, കളഭാഭിഷേകം 11.30, ഉച്ചയ്ക്ക് നട അടയ്ക്കൽ 1.00, വൈകിട്ട് നട തുറക്കൽ 4.00, പടിപൂജ 7.00, ഹരിവരാസനം 9.50, നട അടയ്ക്കൽ 10.00