മസ്‌കിറ്റ് ( ഡാളസ്സ്):- മസ്‌കിറ്റ് ബെൽറ്റ് ലൈനിലുള്ള ആൽബർട്ട്‌സൺ ഗ്രോസറി സ്റ്റോർ പാർക്കിങ് ലോട്ടിൽ ഡിസംബർ 3 വെള്ളിയാഴ്ച ഉണ്ടായ വെടിവെയ്പിൽ പൊലീസ് ഓഫീസർ കൊല്ലപ്പെട്ടു. സംഭവശേഷം സ്വയം നിറയൊഴിച്ച പ്രതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാക്കി.

വെള്ളിയാഴ്ച ഉച്ചക്ക് 2 മണിയോടു കൂടി ആയിരുന്നു സംഭവം. രണ്ടു സ്ത്രീകൾ തമ്മിൽ തർക്കം നടക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് മസ്‌കിറ്റ് പൊലീസ് ഡിപ്പാർട്ട്‌മെന്റിലെ ഓഫീസർ റിച്ചാർഡ് ലി ഹൂസ്റ്റൺ സ്ഥലത്തെത്തിയത്.

പാർക്കിങ് ലോട്ടിൽ നിന്നും കാർ നിർത്തി ഇറങ്ങിവരികയായിരുന്ന ഓഫീസർക്കതിരെ ഒരാൾ വെടിയുതിർക്കുകയായിരുന്നു. നെഞ്ചിൽ രണ്ടു തവണ വെടിയേറ്റ ഓഫീസറെ ഉടനെ ഡാളസ് ഡൗൺ ടൗണിലെ ബെയ്‌ലർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായി ല്ല. തുടർന്ന് സ്വയം നിറയൊഴിച്ച് ഗുരുതരമായി പരിക്കേറ്റ പ്രതിയെയും ആശുപത്രിയിലാക്കി. സ്ത്രീകളുമായി ബന്ധപ്പെട്ട പുരുഷനാണോ വെടിവെച്ചതെന്ന് വ്യക്തമല്ല.

മസ്‌കിറ്റ് പൊലീസിൽ 21 വർഷമായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു റിച്ചാർഡ് ലീ . നിരവധി ഗുഡ് സർവീസ് അവാർഡുകളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മസ്‌കിറ്റ് പൊലീസിൽ കഴിഞ്ഞ 40 വർഷത്തിനുശേഷമാണ് ഡ്യൂട്ടിക്കിടയിൽ ഒരു ഓഫീസർ കൊല്ലപ്പെടുന്നത്.

ഈ സംഭവം നടന്നതിന് ഒരു മൈൽ അകലെയുള്ള ഡോളർ സ്റ്റോർ പാർക്കിങ് ലോട്ടിൽ വെച്ച് നിറയൊഴിച്ചതിനെത്തുടർന്ന് ഡോളർ സ്റ്റോർ ഉടമയും മലയാളിയുമായ സാജൻ മാത്യു കൊല്ലപ്പെട്ടിട്ട് രണ്ടാഴ്ച പിന്നിടുന്നതിനിടയിലാണ് മറ്റൊരു വെടിവെയ്പുണ്ടാകുന്നത്. മലയാളികൾ ഉൾപ്പെടെ നിരവധി പേർ തിങ്ങി താമസിക്കുന്ന ഈ പ്രദേശത്ത് ആളുകൾ ഭയപ്പാടോടെയാണിപ്പോൾ കഴിയുന്നത്.