നെയ്‌റോബി: കെനിയയിൽ വിവാഹാഘോഷത്തിൽ പങ്കെടുക്കുന്നതിനായി പള്ളി ക്വയർ അംഗങ്ങൾ പോയ വാഹനം പ്രളയ ജലത്തിൽ ഒലിച്ചു പോയി. ബസിലുണ്ടായിരുന്ന 23 പേർ മരിച്ചു. പത്ത് പേരെ രക്ഷപ്പെടുത്തി. സംഭവത്തിന്റെ ഭയാനകമായ വീഡിയോ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. ശനിയാഴ്ചയാണ് അതിദാരുണമായ സംഭവം നടന്നത്. സ്‌കൂൾ ബസ് വാടകയ്ക്ക് എടുത്തായിരുന്നു ക്വയർ സംഘം വിവാഹാഘോഷത്തിന് പോയത്. വെള്ളം പൊങ്ങിയ റോഡിലൂടെ വാഹനം മുന്നോട്ട് പോയതാണ് അപകടത്തിന് കാരണമായത്.

വെള്ളം പൊങ്ങിയ സ്ഥലത്ത് എത്തിയപ്പോൾ ബസ് സ്ലോ ആകുകയും മറുകരയിൽ നിന്നവരുടെ നിർദ്ദേശം അനുസരിച്ച് പതുക്കെ മുന്നോട്ട് എടുക്കുകയും ആയിരുന്നു. പതുക്കേ വെള്ളത്തിലൂടെ മുന്നോട്ട് പോയ ബസ് പെട്ടെന്നായിരുന്നു ഒരു വശത്തേക്ക് മാറി വെള്ളത്തിലേക്ക് പതിച്ചത്. ബസ് മുഴുവനായും വെള്ളത്തിലേക്ക് വീഴുകയും പതുക്കെ മുങ്ങിപോവുകയും ആയിരുന്നു. ബസിലുണ്ടായിരുന്നവരുടെ കൂട്ടനിലവിളി കണ്ടു നിന്നവരുടെ കാതിൽ മുഴങ്ങിയെങ്കിലും ഒന്നും ചെയ്യാനാവാത്ത അവസ്ഥയായിരുന്നു.

ജനങ്ങൾ ഓടി എത്തി ബസിൽ നിന്നും പുറത്തേക്ക് കൈ നീട്ടിയവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും എല്ലാം വിഫലമാക്കി കൊണ്ട് ബസ് മുർക്കി നദിയിൽ പൂർണ്ണമായും മുങ്ങി. പത്ത് യാത്രക്കാരെ ബസിൽ നിന്നും രക്ഷപ്പെടുത്തി. എന്നാൽ 20ലേറെ പേർ മരണത്തിന് കീഴടങ്ങി. രക്ഷാപ്രവർത്തകർ പിന്നീട് 23 മൃതദേഹങ്ങൾ നദിയിൽ നിന്നും പുറത്തെടുത്തു.