തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീ സൗഹൃദമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം മുൻനിർത്തിയാണ് വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചത്. ഈ 5 വർഷം കൊണ്ട് ഉദ്ദേശലക്ഷ്യങ്ങൾ സാക്ഷാത്ക്കരിക്കാനാണ് ശ്രമിക്കുന്നത്. അതിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിച്ച് പൊതു സമൂഹത്തിൽ എത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മീഡിയ കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യൻ ഭരണഘടന ലിംഗസമത്വം ഉറപ്പ് നൽകുന്നു. സ്ത്രീധന പീഡന മരണങ്ങൾ ഒഴിവാക്കാൻ സമൂഹത്തിന് നിർണായക പങ്കുണ്ട്. ഒരു സംഭവം ഉണ്ടാകുമ്പോൾ മാത്രമാണ് ആ വിഷയം ചർച്ചയാകുന്നത്. പലപ്പോഴും യഥാർത്ഥ വിഷയം പാർശ്വവത്ക്കരിച്ച് മറ്റ് വിഷയങ്ങളായിരിക്കും ചർച്ച ചെയ്യുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങൾ. മാധ്യമങ്ങൾക്ക് ഇക്കാര്യത്തിൽ നിർണായക പങ്കുണ്ട്. മാധ്യമങ്ങളുടെ ഭാഷ വളരെ പ്രധാനമാണ്. മാധ്യമങ്ങളുടെ വലിയ ഇടപെടൽ സമൂഹത്തിലുണ്ടാകണം. മാർക്കറ്റിന്റെ സമ്മർദം അതിജീവിച്ച് മുന്നോട്ട് പോകേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

വനിത കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി. അനുപമ, മുൻ ജെൻഡർ അഡൈ്വസർ ഡോ. ടി.കെ. ആനന്ദി, കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു, സെക്രട്ടറി രാജേഷ് രാജേന്ദ്രൻ, കെ.യു.ഡബ്ല്യു.ജെ. ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം എന്നിവർ പങ്കെടുത്തു.