- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൽനടക്കാരെ ബുദ്ധിമുട്ടിച്ച് വാഹനം പാർക്ക് ചെയ്താൽ പണി ഉറപ്പ്;നിയമം കർശനമാക്കി ദുബായ്
ദുബായ്: കാൽനടക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ റോഡിന്റെ വശങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന നിയമം കർശനമാക്കി ദുബായ്. പാർക്കിങ്ങും മറ്റു ജോലികളും സംബന്ധിച്ച വിഷയത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കാൽനടക്കാർക്ക് ബുദ്ധിമുട്ടാകുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്താൽ അവ കെട്ടിവലിച്ചുകൊണ്ടുപോവുകയോ അധികൃതർ പൂട്ടിയിടുകയോ ഉടമസ്ഥർക്ക് വൻ തുക പിഴ ചുമത്തുകയോ ചെയ്യും. നേരത്തെയുണ്ടായിരുന്ന നിയമം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി.
അത്യാവശ്യ കാര്യങ്ങൾക്കും മറ്റും അധികൃതരുടെ പ്രത്യേക അനുമതി തേടണം. ആംബുലൻസ്, പൊലീസ് തുടങ്ങിയ വാഹനങ്ങൾക്ക് മാത്രമാണ് റോഡിനു സമീപം ഇത്തരം സ്ഥലങ്ങളിൽ പാർക്കിങ്ങിന് അനുമതിയുള്ളതെന്നും അധികൃതർ അറിയിച്ചു.
ദുബായ് ആർടിഎയ്ക്കാണ് പുതിയ നിമയം നടപ്പിലാക്കുന്നത് സംബന്ധിച്ച കാര്യങ്ങളുടെ ചുമതല. റോഡിലും അതിന്റെ വശങ്ങളിലും മറ്റും ഏതെങ്കിലും രീതിയിലുള്ള ജോലികൾ ചെയ്യുന്നതും പൂർണമായും നിരോധിച്ചു. അത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുത്തുകൊണ്ടുമാത്രമേ ചെയ്യാൻ പാടുള്ളൂവെന്നും ഉത്തരവിൽ പറയുന്നു.
നടപ്പാതകളോട് ചേർന്നുള്ള സ്ഥലങ്ങളിൽ ആർക്കെങ്കിലും എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ പെർമിറ്റ് നേടുകയോ നോൺ ഒബ്ജക്ഷൻ ലെറ്റർ സ്വന്തമാക്കുകയോ വേണം. ഇത്തരം സ്ഥലങ്ങളിൽ എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കിൽ സർക്കാർ അധികൃതരിൽ നിന്നും 24 മണിക്കൂർ മുൻപ് അനുമതി തേടേണ്ടതാണ്.
ആവശ്യങ്ങൾക്ക് അനുസരിച്ച് എടുക്കാവുന്നതും ഒരു വർഷം വരെ അനുമതി ലഭിക്കുന്നതുമായ പെർമിറ്റുകളുണ്ട്. 1000 ദിർഹത്തിൽ കൂടുതലായിരിക്കും ഇതിന്റെ ഫീസ്. ആർടിഎ ആണ് നോൺ ഒബ്ജക്ഷൻ ലെറ്റർ നൽകേണ്ടത്. ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫിനാൻസുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. നിയമം ലംഘിക്കുന്നവരെ ബ്ലാക്ക് ലിസ്റ്റിൽപ്പെടുത്തുകയും ബ്ലാക്ക് പോയിന്റ്‌സ് നൽകുകയും ചെയ്യുമെന്നും അധികൃതർ പറഞ്ഞു.