- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്യജീവി അക്രമം: രാഷ്ട്രീയ കിസാൻ മഹാസംഘ് സെക്രട്ടറിയേറ്റ് മാർച്ചും നിയമലംഘന പ്രഖ്യാപനവും ഡിസംബർ 18ന്
കൊച്ചി: അതിരൂക്ഷമായിരിക്കുന്ന വന്യജീവി അക്രമത്തിൽ ദിവസംതോറും ജനങ്ങൾ മരിച്ചുവീഴുമ്പോഴും നിഷ്‌ക്രിയ സമീപനങ്ങളുമായി ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒളിച്ചോടുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ കർഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് പ്രക്ഷോഭത്തിലേയ്ക്ക്.
ഡിസംബർ 18 ശനിയാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം പാളയം ജംഗ്ഷനിൽ നിന്ന് കർഷക സെക്രട്ടറിയേറ്റ് മാർച്ചും തുടർന്ന് നിയമലംഘനപ്രഖ്യാപനവും നടക്കും. ഡൽഹിയിലെ കർഷകപ്രക്ഷോഭ നേതാക്കളും പഞ്ചാബ്, മധ്യപ്രദേശ് തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ കർഷകനേതാക്കളും ഐക്യദാർഡ്യവുമായി അന്നേദിവസം എത്തിച്ചേരും.
സെക്രട്ടറിയേറ്റ് മാർച്ചിന്റെ മുന്നൊരുക്കമായി നടന്ന കർഷകനേതാക്കളുടെ സംസ്ഥാനതല സമ്മേളനം രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവലിയാർ അഡ്വ.വി സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മനുഷ്യനെ കൊലയ്ക്കുകൊടുത്തും കുടിയിറക്കിയും വന്യജീവികളെ സംരക്ഷിക്കുന്ന കിരാത നിയമങ്ങൾ എതിർക്കപ്പെടണം. വന്യജീവി അക്രമത്തിനും കൃഷിനാശത്തിനുമുള്ള പ്രഖ്യാപിത നഷ്ടപരിഹാരം പോലും നല്കാതെ ഭരണസംവിധാനങ്ങൾ അട്ടിമറിക്കുന്നു. ഒന്നും നേടിയെടുക്കാനല്ല, മറിച്ച് പിറന്നുവീണ മണ്ണിൽ ജീവിക്കാൻവേണ്ടിയാണ് കർഷകർ പോരാടുന്നതെന്നും എല്ലാ കർഷകസംഘടനകളും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകരുൾപ്പെടെ ഈ ജീവിതപോരാട്ടത്തിൽ പങ്കുചേരണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.
രാഷ്ട്രീയ കിസാൻ മഹാസംഘ് വൈസ്ചെയർമാൻ മുതലാംതോട് മണി അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അഡ്വ.ബിനോയ് തോമസ് വിഷയാവതരണം നടത്തി. സെക്രട്ടറിയേറ്റ് മാർച്ചും നിയമലംഘനപ്രഖ്യാപനവും കേരളത്തിലെ കർഷകപ്രക്ഷോഭത്തിന്റെ തുടക്കം മാത്രമാണെന്നും ഇതിന്റെ തുടർച്ചയായി കളക്ടറേറ്റ് പിക്കറ്റിങ് ഉൾപ്പെടെ തുടർസമരങ്ങളോടൊപ്പം നിയമലംഘന നടപടികളുമുണ്ടാകും. ഡിസംബർ 13ന് നടത്താനിരുന്ന സെക്രട്ടേറിയറ്റ് മാർച്ചാണ് ദേശീയ കർഷകനേതാക്കളുടെ സൗകര്യാർത്ഥം ഡിസംബർ 18ലേയ്ക്ക് മാറ്റിവെച്ചതെന്നും അഡ്വ.ബിനോയ് തോമസ് പറഞ്ഞു.
രാഷ്ട്രീയ കിസാൻ മഹാ സംഘ് ദേശീയ കോർഡിനേറ്റർ ബിജു കെ.വി, സൗത്ത് ഇന്ത്യൻ കോഡിനേറ്റർ പി.ടി ജോൺ, സംസ്ഥാന വൈസ് ചെയർമാന്മാരായ ഫാ. ജോസഫ് കാവനാടിയിൽ, ഡിജോ കാപ്പൻ, ബേബി സക്കറിയാസ,് കൺവീനർമാരായ ജോയി കണ്ണംചിറ, രാജു സേവ്യർ, പ്രൊഫ. ജോസ്‌കുട്ടി ഒഴുകയിൽ, ജെന്നറ്റ് മാത്യു, മനു ജോസഫ്, അഡ്വ പി.പി ജോസഫ്, അഡ്വ. ജോൺ ജോസഫ്, വിവിധ കർഷകസംഘടനാ നേതാക്കളായ ടോമിച്ചൻ ഐക്കര, ജോസ് മാത്യു ആനിത്തോട്ടം, ഡോ.പി.ലക്ഷ്മൺമാസ്റ്റർ, ഹരിദാസ് കല്ലടിക്കോട്, സുരേഷ് കുമാർ ഓടാപ്പന്തിയിൽ, ഷുക്കൂർ കണാജെ, അഡ്വ. സുമീൻ എസ് നെടുങ്ങാടൻ, പി.ജെ ജോൺ മാസ്റ്റർ, സ്‌കറിയ നെല്ലംകുഴി, പോൾസൺ അങ്കമാലി, സുനിൽ മഠത്തിൽ, പൗലോസ് മോളത്ത്, നൈനാൻ തോമസ്, ഔസേപ്പച്ചൻ ചെറുകാട് തുടങ്ങിയവർ സംസാരിച്ചു.
വനം വന്യജീവി വിഷയത്തോടൊപ്പം കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകുക, ജപ്തിനടപടികൾ നിർത്തിവെയ്ക്കുക, കാലഹരണപ്പെട്ട ഭൂനിയമങ്ങൾ പൊളിച്ചെഴുതി ഭൂപ്രശ്നങ്ങൾ പരിഹരിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങളും കർഷകസംഘടനകൾ മുന്നോട്ടുവെയ്ക്കുന്നു.