റ്റുപെക്ക (കൻസാസ്): റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥിയും, സെനറ്റർ ലീഡറുമായ ബോബ് ഡോൾ (98) അന്തരിച്ചു. 1923 ജൂലൈ 22-നു കൻസാസിലായിരുന്നു ജനനം. രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത ബോബ് ഡോളിനു മാരകമായി മുറിവേറ്റുവെങ്കിലും, അതിനെ മനോധൈര്യംകൊണ്ട് അതിജീവിച്ച ഡോളിന്റെ മരണം ട്വിറ്റർ സന്ദേശത്തിലൂടെയാണ് ഭാര്യ എലിസബത്ത് ഡോൾ ഔദ്യോഗികമായി അറിയിച്ചത്. 1942 മുതൽ 48 വരെ യുണൈറ്റഡ് സ്റ്റേറ്റ് ആർമി അംഗമായിരുന്നു.

2021 ഫെബ്രുവരിയിൽ തനിക്ക് സ്റ്റേജ് 4 കാൻസറാണെന്നു ബോബ് ഡോൾ പരസ്യമായി വെളിപ്പെടുത്തിയിരുന്നു. കൻസാസിൽ നിന്നു റിപ്പബ്ലിക്കൻ സെനറ്ററായി 1969-ലാണ് തെരഞ്ഞെടുക്കപ്പെട്ടത്. പതിനൊന്നു വർഷം സെനറ്റിലെ റിപ്പബ്ലിക്കൻ ലീഡറായിരുന്നു.

1996-ലെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയും, 1976-ൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായിരുന്നു. റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. യു.എസ് പ്രസിഡന്റായി ഡോണൾഡ് ട്രംപിനെ എൻഡോഴ്സ് ചെയ്ത ഏക മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥനാർത്ഥിയായിരുന്നു ബോബ് ഡോൾ.

നോർത്ത് കരോളിന മുൻ യുഎസ് സെനറ്റർ എലിസബത്ത് ഡോൾ ആണ് ഭാര്യ. 2018-ൽ ഡോളിന്റെ സേവനങ്ങളെ മാനിച്ച് കൺഗ്രഷണൽ ഗോൾഡ് മെഡൽ സമ്മാനിച്ചിരുന്നു.

ഡിസംബർ അഞ്ചിന് രാവിലെ ഉറക്കത്തിനിടെയായിരുന്നു ഡോളിന്റെ മരണം സംഭവിച്ചത്.