ഇടുക്കി: ജലനിരപ്പ് ഉയർന്നതോടെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നു. രാത്രി സ്പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തുമെന്ന് തമിഴ്‌നാട് അറിയിച്ചു. സാധാരണയിലും കൂടുതൽ വെള്ളം ഇന്ന് തുറന്നുവിടും. നിലവിൽ തുറന്നിരിക്കുന്ന 9 ഷട്ടറുകൾ 120 സെന്റി മീറ്റർ (1.20m) അധികമായി ഉയർത്തി 12654.09 ക്യുസെക്‌സ് ജലം പുറത്തു വിടുമെന്നാണ് തമിഴ്‌നാട് സർക്കാരിന്റെ അറിയിപ്പ്.

പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ ഭരണകൂടം എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.

വൃഷ്ടി പ്രദേശത്ത് ഉച്ചക്ക് ശേഷമുണ്ടായ മഴയെ തുടർന്ന് നീരൊഴുക്ക് വർധിച്ചതാണ് കൂടുതൽ വെള്ളം പെരിയാറിലേക്ക് തുറന്നു വിടാൻ കാരണമായത്. 141.90 അടിയാണ് മുല്ലപ്പെരിയാറിലെ ഇപ്പോഴത്തെ ജലനിരപ്പ്.

ഇതിനിടെ ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2401 അടിയിലെത്തിയതോടെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഇന്ന് ഒരു ദിവസം കൊണ്ട് ജലനിരപ്പിൽ 0.24 അടിയുടെ വർദ്ധനവ് ഉണ്ടായി. മുല്ലപ്പെരിയാറിൽ നിന്നും കൂടുതൽ വെള്ളമെത്തിയതാണ് ജലനിരപ്പ് വേഗത്തിൽ ഉയരാൻ കാരണമായത്. 2402 അടിയാണ് റെഡ് അലർട്ട് പ്രഖ്യാപിക്കേണ്ട ജലനിരപ്പ്. റെഡ് അലർട്ട് പരിധിയിലേക്ക് അടക്കുമ്പോഴും മഴ തുടർന്നാൽ മാത്രം അണക്കെട്ട് വീണ്ടും തുറക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നാണ് കെഎസ്ഇബി അധികൃതർ പറയുന്നത്.