വിദിഷ: വിദ്യാർത്ഥികളെ മതപരിവർത്തനം ചെയ്യുന്നുവെന്ന് ആരോപിച്ച് മധ്യപ്രദേശിൽ ഹിന്ദു സംഘടനാ പ്രവർത്തകർ സ്‌കൂൾ ആക്രമിച്ചു. വിദിഷ ജില്ലയിലെ ഗഞ്ച് ബസോദ പട്ടണത്തിലെ സെന്റ് ജോസഫ് സ്‌കൂളിലാണ് സംഭവം. ഹിന്ദു സംഘടന പ്രവർത്തകർ സ്‌കൂളിലേക്ക് അതിക്രമിച്ച് കയറി കെട്ടിടത്തിന് നേരെ കല്ലെറിയുകയായിരുന്നു എന്നാണ് സ്‌കൂൾ അധികൃതർ പറയുന്നത്.

പ്ലസ്ടു വിദ്യാർത്ഥിളുടെ കണക്ക് പരീക്ഷ നടക്കുന്നതിനിടെയാണ് അക്രമം. എട്ട് വിദ്യാർത്ഥികളെ സ്‌കൂൾ അധികൃതർ മതംമാറ്റിയെന്ന് സാമൂഹിക മാധ്യമങ്ങളിൽ വാർത്ത പരന്നതോടെയാണ് ആക്രമണം ഉണ്ടായത്. സ്‌കൂളിന്റെ ഗേറ്റ് തകർത്ത് അകത്തു കടന്നാണ് ആക്രമണം നടത്തിയത്. കല്ലേറിൽ സ്‌കൂൾ ജനാലച്ചില്ലുകൾ തകർന്നു. വാഹനങ്ങളും തകർത്തു.

അക്രമത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കൂടാതെ ആരോപണ വിധേയമായ മതപരിവർത്തനത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. സ്‌കൂൾ മാനേജ്‌മെന്റിനെ ചോദ്യം ചെയ്യുമെന്ന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് റോഷൻ റായ് പറഞ്ഞു.

മതപരിവർത്തനം നടത്തിയെന്ന ആരോപണം നിഷേധിച്ച് മധ്യപ്രദേശിലെ സാഗർ ഗഞ്ച് ബസോഡയിലെ സെന്റ് ജോസഫ് സിബിഎസ്ഇ സീനിയർ സെക്കൻഡറി സ്‌കൂൾ മാനേജർ ബ്രദർ ആന്റണി രംഗത്തെത്തി. മതപരിവർത്തനം നടത്തിയതായി പറയപ്പെടുന്ന ആരും സ്‌കൂളിലെ വിദ്യാർത്ഥികളല്ല. സ്‌കൂളിന്റെ പേരിൽ പ്രചരിച്ച കത്ത് വ്യാജമെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക മാധ്യമങ്ങളിലൂടെയാണ് ആക്രമണത്തിന്റെ വിവരം ലഭിച്ചതെന്നും തുടർന്ന് പൊലീസിനെയും സംസ്ഥാന ഭരണകൂടത്തെയും അറിയിച്ചതായും സ്‌കൂൾ മാനേജർ ബ്രദർ ആന്റണി വ്യക്തമാക്കി. അക്രമ സാധ്യത നേരത്തെ പൊലീസിനെ അറിയിച്ചിരുന്നെങ്കിലും രണ്ട് പൊലീസുകാരെ മാത്രമാണ് സ്‌കൂളിലേക്ക് സുരക്ഷയ്ക്കായി അയച്ചത്.

സിറോ മലബാർ സഭയുടെ സാഗർ രൂപതയുടെ കീഴിൽ മലബാർ മിഷനറി ബ്രദേഴ്‌സാണു സെന്റ് ജോസഫ് സ്‌കൂൾ നടത്തുന്നത്. ഇവിടെ നിന്നു 2 കിലോമീറ്റർ അകലെയുള്ള ഗഞ്ച് ബസോഡ സെന്റ് ജോസഫ് പള്ളിയിൽ ഒക്ടോബർ 31നു കുട്ടികളുടെ ആദ്യകുർബാന സ്വീകരണം നടന്നിരുന്നു. ഇതിന്റെ ചിത്രം രൂപതയുടെ മാസികയിലും പ്രസിദ്ധീകരിച്ചിരുന്നു.

ഈ ചിത്രം ഉപയോഗിച്ച്, വിദ്യാർത്ഥികളെ മതംമാറ്റുന്നുവെന്ന തരത്തിൽ ഒരു പ്രാദേശിക യുട്യൂബ് ചാനലിൽ വാർത്ത വന്നതായി സാഗർ രൂപതാധികൃതർ വ്യക്തമാക്കി. തുടർന്നാണു ബജ്‌റങ്ദൾ പ്രതിഷേധവുമായി എത്തിയത്. ഉച്ചയ്ക്കു സ്‌കൂളിൽ അതിക്രമിച്ചു കയറിയ നൂറോളം പേരെ പൊലീസെത്തിയാണു നീക്കം ചെയ്തത്.

സ്‌കൂളിനു സമീപമുള്ള എസ്എച്ച് സന്യാസസമൂഹത്തിന്റെ ഭാരത് മാതാ സ്‌കൂളിനു മുന്നിലും പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കി. വൈകിട്ട് സ്‌കൂൾ സന്ദർശിച്ച കലക്ടറും എസ്‌പിയും കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയതായി സ്‌കൂൾ അധികൃതർ പറഞ്ഞു.

സ്‌കൂൾ കോമ്പൗണ്ടിൽ വൻ ജനക്കൂട്ടം മാനേജ്മെന്റിനെതിരെ മുദ്രാവാക്യം വിളിക്കുന്നത് കല്ലെറിയുന്നതിന്റെ ദൃശ്യങ്ങളിൽ ഇതിനകം സോഷ്യൽ മീഡിയയിൽ എത്തിയിട്ടുണ്ട്. സ്‌കൂളിലുണ്ടായിരുന്ന വിദ്യാർത്ഥികളും സ്‌കൂൾ ജീവനക്കാരും തലനാരിഴക്കാണ് അക്രമകാരികളിൽനിന്ന് രക്ഷപ്പെട്ടത് എന്നാണ് എൻഡിടിവി റിപ്പോർട്ട് പറയുന്നത്. ജനക്കൂട്ടം ചില്ലുകൾക്ക് നേരെ കല്ലെറിഞ്ഞതോടെ എല്ലാവരും പരിഭ്രാന്തരായെന്ന് ഒരു വിദ്യാർത്ഥി പറഞ്ഞു. പരീക്ഷ വീണ്ടും നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു.

മതപരിവർത്തനത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് പ്രാദേശിക ബജ്റംഗ്ദൾ യൂനിറ്റ് നേതാവ് നിലേഷ് അഗർവാൾ ആവശ്യപ്പെട്ടു. സംഭവം സത്യമാണെങ്കിൽ സ്‌കൂൾ ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടർന്ന് പ്രദേശത്തെ മറ്റ് മിഷനറി സ്‌കൂളുകളിലും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി.