- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പി ജയരാജന് നേരെ 'കൊലയാളി' പ്രയോഗം; കെ കെ രമയ്‌ക്കെതിരെ കോടിയേരിയുടെ പരാതിയിൽ എടുത്ത കേസ് തള്ളി; നടപടി, കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേത്
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന പി ജയരാജനെ കെ കെ രമ കൊലയാളിയെന്ന് വിളിച്ചെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നൽകിയ പരാതിയിൽ എടുത്ത കേസ് തള്ളി. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് തള്ളിയത്.
ജയരാജൻ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തിൽ സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പരാതി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് കോടിയേരി പരാതി നൽകിയത്. പരാതിയെത്തുടർന്ന് രമയ്‌ക്കെതിരെ 171 ജി വകുപ്പ് പ്രകാരം കേസെടുക്കാൻ വടകര ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു. 171 ജി വകുപ്പ് പ്രകാരം കേസെടുക്കാനാണ് മജിസ്ട്രേറ്റ് ഉത്തരവിട്ടത്.
രമ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ മാതൃകാ പെരുമാറ്റചട്ടപ്രകാരം നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് കോടിയേരി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകുകയായിരുന്നു.
കോഴിക്കോട് നടന്ന ആർഎംപി യോഗത്തിന് ശേഷം വാർത്താ സമ്മേളനം നടത്തിയപ്പോൾ പി.ജയരാജൻ 'കൊലയാളി'യാണെന്ന് കെ.കെ.രമ പറഞ്ഞുവെന്നായിരുന്നു ആരോപണം. തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്നാരോപിച്ച് രമ ഉൾപ്പടെ ആർഎംപി മൂന്ന് നേതാക്കൾക്കുമെതിരെ പി.ജയരാജൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇത് വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രസ്താവനയാണെന്നും അവരെ സ്വാധീനിക്കാനുള്ളതാണെന്നുമായിരുന്നു പി.ജയരാജന്റെ ആരോപണം.




