ഭീതിയുയർത്തി ബാര കൊടുങ്കാറ്റ് അയർലണ്ടിലേയ്‌ക്കെത്തുന്നു. 'വെതർ ബോംബ്' എന്ന് വിശേഷിപ്പിക്കുന്ന കൊടുങ്കാറ്റിന്റെ ഭീഷണി കണക്കിലെടുത്ത് കെറി, കോർക്ക്, ക്ലെയർ എന്നീ കൗണ്ടികളിൽ റെഡ് അലേർട്ട് നൽകിയിരിക്കുകയാണ് മെറ്റ് ഏറാൻ.ബരാ കൊടുങ്കാറ്റിനെ തുടർന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സ്‌കൂളുകളും സ്ഥാപനങ്ങളും ചൊവ്വാഴ്ച അടച്ചിടാനാണ് നിർദ്ദേശം. ജീവന് തന്നെ ഭീഷണിയാകുമെന്ന തരത്തിലാണ് കാലവസ്ഥാ അധികൃതർ കാലാവസ്ഥയെക്കെതിരെ മുന്നറിയിപ്പ് നല്കിയിരിക്കുന്നത്.

വൻ അപകടകാരിയായേക്കാമെന്ന് കരുതുന്ന കൊടുങ്കാറ്റ് രണ്ടു ദിവസം രാജ്യത്ത് നാശം വിതച്ചേക്കാമെന്നാണ് പ്രവചനം. ആളുകൾ നിതാന്ത ജാഗ്രത പാലിക്കണമെന്ന് മെറ്റ് ഏറാനും സർക്കാരും സുരക്ഷാ ഏജൻസികളും ഓർമ്മിപ്പിക്കുന്നു.ആദ്യം യെ്‌ല്ലോ അലേർട്ടായിരുന്നു മെറ്റ് ഏറാൻ നൽകിയിരുന്നത്. തുടർന്ന് റിസ്‌ക് സാധ്യത ഉയരുന്നതിനനുസരിച്ച് ഓറഞ്ചിലേയ്ക്കും പിന്നീട് റെഡ് അലേർട്ടിലേയ്‌ക്കെത്തുകയായിരുന്നു.വൈദ്യുതി തടസസവും ട്രാൻസ്‌പോർട്ട് , സേവനങ്ങൾ എന്നിവയെ കൊടുങ്കാറ്റ് ബാധിക്കുമെന്നാണ് വിലയിരുത്തൽ. തെക്കുപടിഞ്ഞാറൻ മേഖലയിൽ ചില ആശുപത്രി അപ്പോയിന്റ്‌മെന്റുകൾ റദ്ദാക്കി. മോശം കാലാവസ്ഥയുടെ ആഘാതം നേരിടേണ്ടിവരുമെന്ന് പ്രവചിക്കുന്ന പ്രദേശങ്ങളിലെ ചില റീട്ടെയിലർമാരും മറ്റ് സേവന ദാതാക്കളും ചൊവ്വാഴ്ച തുറക്കില്ലെന്ന് അറിയിച്ചു.

ലിമെറിക്ക്, വാട്ടർഫോർഡ്, ഗാൽവേ, മയോ, വെക്‌സ്‌ഫോർഡ്, ഡബ്ലിൻ, ലൗത്ത്, വിക്ലോ, മീത്ത് എന്നീ കൗണ്ടികൾക്കും ഓറഞ്ച് അലേർട്ടാണ് നല്കിയിരിക്കുന്നത്.അറ്റ്‌ലാന്റിക് സമുദ്രത്തിൽ നിന്ന് വരുന്ന കാലാവസ്ഥാ സംവിധാനമായ സ്റ്റോം ബാരയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും.

കൊടുങ്കാറ്റ് കിഴക്കൻ തീരത്ത് രാവിലെ 8 നും ഉച്ചയ്ക്ക് 1 നും ഇടയിൽ അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. ബുധനാഴ്ച മുതൽ തെക്കുകിഴക്കൻ മേഖലകളിൽ ശക്തമായ ചുഴലിക്കാറ്റ് പ്രതീക്ഷിക്കാം.കൊടുങ്കാറ്റുയർത്തുന്ന ഭീഷണി പരിഗണിച്ച് കാലാവസ്ഥാ മുന്നറിയിപ്പുകൾ തുടർച്ചയായി ശ്രദ്ധിക്കുന്നതുൾപ്പടെ ഒട്ടേറെ സുരക്ഷാ നിർദ്ദേശങ്ങൾ മെറ്റ് ഏറാൻ മുന്നോട്ടുവെച്ചിട്ടുണ്ട്. :

ഓരോ പ്രദേശത്തിനുമുള്ള മെറ്റ് ഏറാന്റെയും ലോക്കൽ അഥോറിറ്റി വെബ്സൈറ്റിന്റെയും കാലാവസ്ഥാ ബുള്ളറ്റിനുകൾ നിരീക്ഷിക്കാനുംഅടിയന്തര സഹായം മുൻനിർത്തി ഏർകോഡ് എപ്പോഴും കൈയിൽ കരുതാനും അധികൃതർ നിർദ്ദേശം നല്കിയിട്ടുണ്ട്

ഡ്രൈവിങ് അപകടകരമാകുമെന്നതിനാൽ കാൽനടക്കാർ, സൈക്കിൾ, മോട്ടോർ സൈക്കിൾ, ഹെവി വാഹന യാത്രികർ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണം.വാഹനത്തിന്റെ ടയറുകളും ലൈറ്റുകളുമൊക്കെ പരിശോധിച്ച് പ്രവർത്തനക്ഷമത ഉറപ്പാക്കുക.പാലങ്ങൾക്കും നദികൾക്കും സമീപം ജാഗ്രത പാലിക്കുക.വെള്ളപ്പൊക്കമുള്ള സ്ഥലങ്ങളിലൂടെ വാഹനമോടിക്കരുതെന്നും നിർദ്ദേശമുണ്ട്.