കാസർകോട് അഗ്രി ഹോര്ടി സൊസൈറ്റിയുടെ ഈ വർഷത്തെ കർഷക അവാർഡ് ബഹ്റൈൻ പ്രവാസി, കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ ഷാഫി പാറക്കട്ട കരസ്ഥമാക്കി .

കാസറഗോഡ് ബദിയടുക്ക പഞ്ചായത്തിലെ നീർച്ചാലിൽ സ്ഥിതി ചെയ്യുന്ന ഷാഫിയുടെ മാസ്‌ക്കോ ഫാമിനാണ് ഈ വർഷത്തെ ഏറ്റവും നല്ല ഫാമിനുള്ള ജില്ലാ അവാർഡ് നേടാൻ സാധിച്ചത്.

പ്രവാസിയാണെങ്കിലും എല്ലാ മാസവും നാട്ടിലെത്തി തന്റെ കൃഷിയിടത്തിനും ഫാമിനും പ്രത്യേക പരിഗണന കൊടുക്കുന്ന ഷാഫി പാറക്കട്ടയുടെ നിയന്ത്രണത്തിൽ തന്നെയാണ് ഫാം മുന്നോട്ട് പോകുന്നത്.

കൃഷിയെ അതിരറ്റു സ്‌നേഹിക്കുന്ന ഷാഫിപച്ചക്കറികൾ, നാടൻ കോഴി, കരിങ്കോഴി, ആട്, പശു, മുതലായവയും , ടർക്കി, താറാവ്, അരയന്നം, ഗിനി,കാട, തുടങ്ങിയ പക്ഷികൾ, മത്സ്യകൃഷി, എന്നിവയാണ് ഫാമിലെ മുഖ്യ ഇനങ്ങൾ. കുടുംബത്തിന് ആവശ്യമായ കലർപ്പില്ലാതെ പച്ചക്കറികൾ സ്വയം ഉത്പാദിപ്പിച്ചു കഴിക്കുന്നത് തന്നെയാണ് ആരോഗ്യത്തിന്റെ രഹസ്യമെന്ന് ഷാഫി സാക്ഷ്യപ്പെടുത്തുന്നു. ജൈവ വളങ്ങൾ മാത്രമാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത് എന്നതാണ് ഫാമിന്റെ പ്രത്യേകത.

റംബൂട്ടാൻ, കസ്റ്റർഡ് ആപ്പിൾ, ചിക്കു, മാങ്ങ, പൈനാപ്പിൾ, കരിമ്പ് തുടങ്ങിയവയും വിവിധയിനം ചെടികളും 4 മീറ്റർ വീതിയും 110 മീറ്റർ നീളവും ഉള്ള ഫാഷൻ ഫ്രൂട്ട് പന്തൽ ഫാമിന്റെ സൗന്ദര്യം വിളിച്ചോതുന്ന ഘടകമാണ്.അവാർഡിനർഹമായ ഏറ്റവും വലിയ ഘടകം ഈ ഫാഷൻ ഫ്രൂട്ട് പന്തൽ തന്നെയാണ്.

വീടിനടുത്തായി തന്നെ സജ്ജീകരിച്ച ഈ വലിയ ഫാം ഏകദേശം അഞ്ച് ഏക്കർ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.ഇതുകൂടാതെ മൂന്നേക്കർ സ്ഥലത്തുള്ള മറ്റൊരു ഫാമും ഇദ്ദേഹത്തിനുണ്ട്. പശുവിനുള്ള പുൽ കൃഷി ഇവിടെ തന്നെയാണ് ചെയ്യുന്നത്.സ്‌നേഹത്താലും സൗഹൃദത്താലുംഏവരുടെയും ഹൃദയത്തിൽ കയ്യൊപ്പിട്ട ഷാഫികൃഷിയെയും കൃഷിയുടെ സൗന്ദര്യത്തെയും അതിരറ്റു സ്‌നേഹിക്കുന്നു.