തിരുവനന്തപുരം: സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആർഎസ്എസ് ഭീകരർ രാഷ്ട്രപിതാവായ ഗാന്ധിജിയെ കൊലപ്പെടുത്തിയപ്പോൾ രാജ്യത്തെ മതേതര സമൂഹം പുലർത്തിയ ഭീകരമായ മൗനമാണ് ഹിന്ദുത്വ ശക്തികളുടെ സാംസ്‌കാരികവും രാഷ്ട്രീയവുമായ മുന്നേറ്റത്തിന് നിർഭാഗ്യവശാൽ കാരണമായി മാറികയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. 'ബാബരി മസ്ജിദ് മഥുരയിൽ ആവർത്തിക്കാൻ അനുവദിക്കില്ല' എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ജിപിഒക്ക് മുന്നിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ജനാധിപത്യ സമൂഹത്തിന് വലിയ മുറിവേറ്റ ബാബരി ധ്വംസനത്തെ ന്യായീകരിക്കുന്ന തരത്തിൽ അനീതിയുടെ വിധിപ്രസ്താവനയാണ് കോടതി നടത്തിയിട്ടുള്ളത്. മസ്ജിദ് നിലനിന്നതിന് എല്ലാവിധ തെളിവുകളും അനുകൂലമായി ഉണ്ടായിരുന്നിട്ടും ഭൂരിപക്ഷ താല്പര്യം സംരക്ഷിക്കാനെന്ന വാദം ഉയർത്തിയാണ് കോടതി അന്യായമായ വിധി പ്രസ്താവിച്ചത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ മഹാന്മാരുടെ താൽപര്യങ്ങളെ ചവിട്ടിമെതിച്ചു കൊണ്ടാണ് സ്വാതന്ത്ര്യാനന്തര ഭരണകൂടങ്ങളുടെ സഹായത്തോടെ ഹിന്ദുത്വ ഭീകരർ ബാബരി മസ്ജിദിനെ തകർത്തത്. ഭരണഘടന ശിൽപ്പി ഡോ. ബി. ആർ അംബേദ്കറുടെ മഹാ പരിനിർവാണ ദിനം തന്നെ കർസേവകർ മസ്ജിദ് തകർക്കുന്നതിനു വേണ്ടി തെരഞ്ഞെടുത്തത് അത് വെറും യാദൃശ്ചികമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് എൻ.എം അൻസാരി അധ്യക്ഷത വഹിച്ചു.വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം സഫീർ ഷാ, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി ആദിൽ അബ്ദുൽ റഹിം, എസ്ഡിപിഐ ജില്ലാ സെക്രട്ടറി സിയാദ്, വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് മധു കല്ലറ, വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി ആരിഫാ ബീവി തുടങ്ങിയവർ ഐക്യദാർഢ്യ പ്രഭാഷണം നടത്തി. തിരുവനന്തപുരം കോർപറേഷൻ പ്രസിഡണ്ട് ബിലാൽ വള്ളക്കടവ് സ്വാഗതവും അസി.സെക്രട്ടറി സൈഫുദ്ദീൻ പരുത്തിക്കുഴി സമാപനവും നടത്തി.