- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് നഗരത്തിൽ 11 പള്ളികൾ സലഫികൾ കയ്യേറിയിട്ടുണ്ട്; വഖഫ് സ്വത്ത് തിരിച്ചുപിടിക്കണമെന്ന് അബ്ദുൽ ഹകീം അസ്ഹരി
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ 11 പള്ളികൾ വഹാബികൾ കയ്യേറിയിട്ടുണ്ടെന്നും സലഫികൾ കയ്യേറിയ വഖഫ് സ്വത്ത് തിരിച്ചുപിടിക്കണമെന്നും എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഹകീം അസ്ഹരി.
സുന്നികൾ വഖഫ് ചെയ്ത നിരവധി സ്വത്ത് വഹാബി ആശയക്കാർ കയ്യേറിയിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കോഴിക്കോട് നഗരത്തിലെ പട്ടാളപ്പള്ളിയും മുഹ്യുദ്ദീൻ പള്ളിയും. ഇവയടക്കം 11 പള്ളികൾ കോഴിക്കോട് നഗരത്തിൽ മാത്രം വഹാബികൾ കയ്യേറിയിട്ടുണ്ട്. കോഴിക്കോട് നഗരത്തിലാണ് ഏറ്റവും വലിയ പിടിച്ചടക്കൽ നടന്നിട്ടുള്ളതെന്നും പ്രസ് ക്ലബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
വഖഫ് സ്വത്തുക്കൾ വഖഫ് ചെയ്ത വ്യക്തിയുടെ ആഗ്രഹത്തിന് അനുസരിച്ചാണ് വിനിയോഗിക്കേണ്ടത്. കോഴിക്കോട് മുഹ്യുദ്ദീൻ പള്ളിയുടെ കാര്യത്തിൽ ഉദ്ഘാടന ദിവസം ഒരു മൗലവി മിമ്പറിൽ കയറി പ്രസംഗിച്ചാണ് പള്ളി കൈക്കലാക്കിയതെന്നും അബ്ദുൽ ഹകീം അസ്ഹരി പറഞ്ഞു. വഖഫ് ബോർഡ് നിയമനത്തിന്റെ കാര്യത്തിൽ എല്ലാവിഭാഗവുമായി ആലോചിച്ച് മാത്രമേ സർക്കാർ തീരുമാനമെടുക്കൂ എന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മതവുമായി ബന്ധപ്പെട്ട കാര്യമായതിനാൽ സമസ്തയുമായി ചർച്ച ചെയ്യുന്നു എന്നു മാത്രം. വിഷയം വീണ്ടും ചർച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി ഞങ്ങളെയും അറിയിച്ചിട്ടുണ്ട്. ഞങ്ങൾ നേരത്തെ തന്നെ മുഖ്യമന്ത്രിയുമായ ഇക്കാര്യത്തിൽ ചർച്ച നടത്തിയിട്ടുണ്ട്. വഖഫ് ബോർഡ് നിയമനങ്ങളിൽ സുതാര്യത വേണമെന്നാണ് ഞങ്ങളുടെ നിലപാടാണ്.
സ്വകാര്യ നിയമനങ്ങളിലൂടെ ചില ആശയക്കാരെ ബോർഡിൽ ഉൾപ്പെടുത്തുകയും അതുവഴി വഖഫ് സ്വത്തുകളിൽ മോഷണം നടക്കുകയും ചെയ്യുന്നുണ്ട്. അത് ഇല്ലാതാക്കണം. പിൻവാതിൽ നിയമനമാണ് ഇതുവരെ നടന്നിട്ടുള്ളതെന്നും അബ്ദുൽ ഹകീം അസ്ഹരി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ