ജീവിതം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കുന്നു എന്നതാണ് ആധുനിക സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ സവിശേഷത്. ഒരു മനുഷ്യന്റെ ദൈന്യംദിന ജീവിതത്തിലെ ഏതൊരു ആവശ്യവും ഒരു വിരൽ കൊണ്ടമർത്തി നേടാൻ ഈ ആധുനിക സാങ്കേതിക വിദ്യ നമ്മളെ സഹായിക്കുന്നു.

എന്നാൽ, വളരെ അപൂർവ്വമായിട്ടാണെങ്കിൽ പോലും ഇതേ സാങ്കേതിക വിദ്യയ്ക്ക് മനുഷ്യന്റെ ജീവിതം ദുരിതപൂർണ്ണമാക്കാനും കഴിയുമെന്ന് ഇന്നലെ തെളിഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓൺലൈൻ ഷോപ്പിങ് സൈറ്റ് ആയ ആമസോണിന്റെ സർവ്വറിന് തകരാറ് പറ്റിയത് പല രാജ്യങ്ങളിലേയും ആളുകളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിച്ചു.

സർവർ തകരാറിലായതോടെ സാധനങ്ങൾ വിതരണം ചെയ്യാനാകാതെ തടസ്സപ്പെട്ടത് എട്ടു മണിക്കൂർ നേരമാണ്. വൈവിധ്യമാർന്ന സേവനങ്ങൾ നൽകുന്ന ആമസോൺ മ്യുസിക്, പ്രൈം വീഡിയോ, അലെക്സ, റിങ്, ആമസോൺ വെബ്സർവീസ് തുടങ്ങിയ ആപ്ലിക്കേഷനുകളും  ഇന്ത്യൻ സമയം രാത്രി 9.30 മുതൽ ഏതാണ്ട് പ്രവർത്തനരഹിതമായി. ഡെലിവറി ഏജന്റുമാരുമായി ആശയവിനിമയത്തിനു ഉപയോഗിക്കുന്ന ആമസോൺ ആപ്പിലായിരുന്നു ആദ്യം തകരാറുണ്ടായത്.

ഉപഭോക്താക്കൾക്ക് വൽകുവാനായി സാധനങ്ങളുമായി പോയവർ, പിന്നീട് നിർദ്ദേശമൊന്നും ലഭിക്കാത്തതിനാൽ സാധനങ്ങൾ വിതരണം ചെയ്യാതെ കുത്തിയിരിക്കുകയായിരുന്നു.  ഇന്ത്യയിൽ രാത്രിയായതു കൊണ്ട് ഏത് ഇവിടെ ഏറെ ബുദ്ധിമുട്ടുകളുണ്ടായില്ല. എന്നാൽ മറ്റിടങ്ങളിൽ അതായിരുന്നില്ല അവസ്ഥ. യൂറോപ്പിലും മറ്റും ഏറെ പ്രതിസന്ധിയായി മാറി.

ആമസോണിന്റെ ക്രിസ്ത്മസ്സ് ഷോപ്പിങ് മാമാങ്കം നടക്കുന്ന സമയത്താണ് സർവ്വറിന് കേടുൂപാടുകൾ സംഭവിച്ചതെന്നത് നഷ്ടങ്ങളുടെ കണക്കുകൾ പെരുകിയിട്ടുണ്ടാകാം എന്ന സൂചന നൽകുന്നു. ഏതായാലും പ്രശ്നത്തിന്റെ മൂലകാരണം കണ്ടെത്തി എന്നാണ് ആമസോൺ വക്താവ് അറിയിച്ചത്. അത് പരിഹരിക്കാനുള്ള നടപടികൾ ധൃതഗതിയിൽ നടക്കുന്നതായും കമ്പനി വക്താവ് അറിയിച്ചു. യു എസ്-ഈസ്റ്റ്-1 മേഖലയിൽ എ പി ഐ, കൺസോൾ എന്നിവയ്ക്കാണ് പ്രശ്നമെന്നാണ് ആമസോൺ പറയുന്നത്.

പ്രശ്നം പരിഹരിക്കപ്പെടുന്നതായി ചില സൂചനകൾ ലഭിക്കുന്നുണ്ടെന്ന് പിന്നീട് കമ്പനി അറിയിച്ചു. എന്നാൽ ഇത് എപ്പോൾ പൂർണ്ണമായും പരിഹരിക്കാനാകും എന്നതിനെ കുറിച്ച് കൃത്യമായ ഒരു വിവരം കമ്പനി നൽകിയില്ല. അതിനായി ഇപ്പോൾ സമയബന്ധിത പരിപാടിയൊന്നും ആസൂത്രണം ചെയ്തിട്ടില്ല എന്നാണ് ആമസോൺ പറയുന്നത്. ആമസോൺ വെബ് സർവ്വീസിൽ വന്ന തകരാറാണ് ലോകത്തെ ഏറ്റവുമധികം ബാധിച്ചത്. കാരണം അത് വ്യക്തികൾക്കും യൂണിവേഴ്സിറ്റികൾക്കും വിവിധ രാജ്യങ്ങളിലെ സർക്കാരുകൾക്കും ലോകം മുഴുവനുമുള്ള നിരവധി കമ്പനികൾക്കും ക്ലൗഡ് കമ്പ്യുട്ടിങ് സേവനം നൽകുന്ന ഒന്നാണ്.

ഇതോടെ ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള മറ്റ് വിവിധ സേവനങ്ങളും താറുമാറായി. ഐ റോബോട്ട്, ചൈം, കാഷ് ആപ്, കാപിറ്റൽ വൺ, ഗോ ഡാഡി, അസ്സോസിയേറ്റഡ് പ്രസ്സ് തുടങ്ങി നിരവധി സ്ഥാപനങ്ങളേയും ഇത് പ്രതികൂലമായി ബാധിച്ചു. ഡിസ്നി പ്ലസ്സുമായും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് പരിഹരിച്ചതായ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.