മിക്രോണിന്റെ എപ്പിസെന്ററായ ദക്ഷിണാഫ്രിക്കയിൽ ഒരാഴ്‌ച്ചയ്ക്കുള്ളിൽ കോവിഡ് വ്യാപനതോറ്റ് വർദ്ധിച്ചത് മൂന്നിരട്ടിയായി. രാജ്യത്തെ ഓമിക്രോൺ നക്കിത്തുടയ്ക്കുമ്പോൾ ഇന്നലെ 13,147 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ചൊവ്വാഴ്‌ച്ച ഇത് 4,373 മാത്രമായിരുന്നു. രണ്ടാഴ്‌ച്ച മുൻപ് ഇതേദിവസം രേഖപ്പെടുത്തിയതിന്റെ 15 ഇരട്ടിയാണ് ഇതെന്നതും ഭയമുയർത്തുന്നു. ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം തൊട്ടു മുൻപത്തെ ദിവസത്തിന്റെ ഇരട്ടിയാണെങ്കിലും അത് പരിശോധനകളുടേ എണ്ണം വർദ്ധിപ്പിച്ചതിനാലാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ൽ തന്നെ തുടരുന്നത് കുറച്ച് ആശ്വാസം നൽകുന്നുണ്ട്.

ഓമിക്രോൺ ആദ്യമായി സ്ഥിരീകരിച്ചതിൽ പിന്നെ ദക്ഷിണാഫ്രിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുത്തനെയുള്ള വർദ്ധനവാണ് ദൃശ്യമാകുന്നത്. എന്നാൽ, മരണനിരക്ക് അതിനനുസരിച്ച് വർദ്ധിക്കുന്നില്ല എന്നത് ലോകത്തിന് ആശ്വാസമേകുന്ന വാർത്തയാണ്. പുതിയ വകഭേദത്തിനു സംഭവിച്ച ജനിതകമാറ്റം അതിന്റെ വ്യാപന ശേഷി വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും പ്രഹര ശേഷി കുറച്ചതായാണ് ഒരു കൂട്ടം ശാസ്ത്രജ്ഞർ വിലയിരുത്തുന്നത്. എന്നാൽ, ഇക്കാര്യം ഇപ്പോൾ സ്ഥിരീകരിക്കാനാകില്ലെന്നും, തുടർ പഠനങ്ങൾ ആവശ്യമാണെന്നും അവർ പറയുന്നു.

ദക്ഷിണാഫ്രിക്കയിൽ ഓമിക്രോൺ എപ്പിസെന്ററായ ഗൗടെംഗ് പ്രവിശ്യയിൽ തന്നെയാണ് ഇപ്പോഴും കൂടുതൽ രോഗവ്യാപനം നടക്കുന്നത്. ഇന്നലെ ഇവിടെ 8,445 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. അതേസമയം , കിഴക്കൻ മേഖലയിലെ ക്വാസുലു-നടാലിൽ 1,396 കേസുകളൂം പടിഞ്ഞാറൻ മുനമ്പിൽ 805 കേസുകളും സ്ഥിരീകരിക്കപ്പെട്ടു.

ഈസ്റ്റർ മുനമ്പിലും കോവിഡ്വ്യാപനം വർദ്ധിച്ചു വരികയാണ്. കഴിഞ്ഞയൊരാഴ്‌ച്ചയിൽ ഇവിടെ രോഗവ്യാപനതോതിൽ ഉണ്ടായത് 717.1 ശതമാനത്തിന്റെ വർദ്ധനവാണ്. ക്വാസുലു-നടാലിൽ 659 ശതമാനമാണ് ഒരാഴ്‌ച്ചയ്ക്കുള്ളിൽ രോഗവ്യാപനതോതിൽ ഉണ്ടായിട്ടുള്ള വർദ്ധനവ്.

അതേസമയം ഇന്നലെ 27 കോവിഡ് മരണങ്ങൾ ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 28.6 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. എന്നിരുന്നാൽ പോലും രോഗ വ്യാപനതോതുമായി താരതമ്യം ചെയ്യുമ്പോൾ മരണനിരക്ക് കുറവാണെന്നുള്ളത് ആശ്വാസം പകരുന്നു.

രോഗവ്യാപന ശേഷി കൂടുതലുണ്ടെങ്കിലും ഓമിക്രോണിന് പ്രഹരശേഷി മറ്റ് വകഭേദങ്ങളേക്കാൾ കുറവാണ് എന്നുള്ള നിഗമനത്തിന് ഇത് കൂടുതൽ ശക്തി പകരുന്നു.