ചാൾസിന് എന്നും പ്രിയപ്പെട്ടവനായിരുന്നു ഇളയമകൻ ഹാരി. അല്പം ഗൗരവക്കാരനായ വില്യമിനേക്കാൾ ചാൾസ് സ്നേഹിച്ചത് ഹാരിയേയായിരുന്നു. വളരെ സൗഹാർദ്ദപരമായിരുന്നു അവർ തമ്മിലുള്ള ബന്ധം. നിരവധി സംഭവങ്ങൾ ഇതിന് ഉദാഹരണമായി കാട്ടാനാകും. ഹാരിയുടെ വിവാഹ ദിവസം ആകാശത്തെ വർണ്ണാഭമാക്കി കരിമരുന്ന് പ്രയോഗം നടത്തിയപ്പോൾ ചാൾസ് മകനോട് ചോദിച്ചു, ഇതിനുള്ള പണം ആരു നൽകുമെന്ന്. സംശയമെന്താ, അച്ഛൻ തന്നെ നൽകുമെന്നായിരുന്നു ഹാരിയുടെ മറുപടി.

വളരെ അടുത്ത സുഹൃത്തുക്കളെ പോലെയായിരുന്നു അച്ഛനും മകനും പെരുമാറിയിരുന്നതും. തനിക്ക് ഏറ്റവും പ്രിയപ്പെട്ട മകൻ എന്ന് പലതവണ ചാൾസ് ഹാരിയെക്കുറിച്ച് പരസ്യമായി പറഞ്ഞിട്ടുമുണ്ട്. എന്നാൽ, മൂന്നരവർഷങ്ങൾക്ക് ഇപ്പുറം ഇന്ന് ഈ അച്ഛനും മകനും സംസാരിക്കുന്നത് തന്നെ വല്ലപ്പോഴുമായി. മാത്രമല്ല, കഴിഞ്ഞ കുറച്ചു നാളുകളായി ഇവർ തമ്മിൽ സംസാരിക്കുക പോലുമില്ലത്രെ.

ഇതിനോടകം തന്നെ വഷളായ ബന്ധം, കഴിഞ്ഞ വാരാന്ത്യത്തിലെ ഹാരിയുടെ വാക്കുകൾ കൂടുതൽ വഷളാക്കിയിരിക്കുകയാണ്. ബ്രിട്ടീഷ് പൗരത്വൗം രാജ്ഞിയിൽ നിന്ന് ബഹുമതിയും കരസ്ഥമാക്കുവാൻ സൗദി സ്വദേശിയായ ഒരു ശതകോടീശ്വരനിൽ നിന്നും ചാൾസിന്റെ പേരിലുള്ള ട്രസ്റ്റ് കോടികൾ കൈപ്പറ്റി എന്ന ആരോപണം ഉയരുന്നതിനിടയിലായിരുന്നു ഹാരിയുടെ പ്രസ്താവന ചാൾസിനു മേൽ അശനിപാതം പോലെ വന്നുവീണത്. സൗദി പൗരനെ കുറിച്ച് അന്നേ തനിക്ക് സംശയമുണ്ടായിരുന്നു എന്നും അക്കാര്യം താൻ പിതാവിനോട് സൂചിപ്പിച്ചിരുന്നു എന്നുമാണ് ഹാരി പറഞ്ഞത്.

സ്വന്തം പിതാവിനെതിരെ ഇത്രയും ഗുരുതരമായ ഒരു ആരോപണമായിരുന്നു ഹാരി ഉന്നയിച്ചത്. ഇത് ചാൾസിന്റെ സത്യസന്ധതയേ മാത്രമല്ല, ആളുകളെ വിലയിരുത്താനുള്ള കഴിവിനെ പോലും ചോദ്യം ചെയ്യുന്ന ഒന്നായി. ഏകദേശം കിരീടധാരണത്തിന് അടുത്തെത്തി നിൽക്കുന്ന ചാൾസിനെ സംബന്ധിച്ചിടത്തോളം ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുവാൻ പോന്ന ആരോപണമാണ്. അതുകൊണ്ടു തന്നെയാണ് ചാൾസുമായി അടുത്ത വൃത്തങ്ങൾ, അച്ഛനും മകനും തമ്മിലുള്ള വഴക്കിനെ പണ്ട് ചാൾസും ഡയാനയുമായി ഉണ്ടായ വഴക്കിനേപോലെ സങ്കീർണ്ണമായി കാണുന്നത്.

മനഃപൂർവ്വമോ അല്ലാതെയോ ഹാരി ഉയർത്തുന്ന ആരോപണങ്ങൾ എന്നും ചാൾസിനു മേൽ ഒരു കരിനിഴൽ പോലെ നിലനിൽക്കും എന്നും ചാൾസുമായി അടുത്ത വൃത്തങ്ങൾ കരുതുന്നു. എന്നാൽ, മകന്റെ വാക്കുകളിൽ മുറിവേറ്റ ചാൾസ് നിശബ്ദത പാലിക്കാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. മകനുമായി പരസ്യമായ ഒരു ഏറ്റുമുട്ടലിന് ഈ പിതാവ് ഒരുക്കമല്ല.

വിവാഹത്തിന്റെ ആദ്യ നാളുകൾ മുതൽ തന്നെ തന്റെ അമേരിക്കൻ വധുവിനോട് ചാൾസിന് പ്രത്യേക മമതയായിരുന്നു. രാജകൊട്ടാരത്തിലെ ചിട്ടകളും സമ്പ്രദായങ്ങളും പഠിക്കുവാൻ മേഗൻ കാണിക്കുന്ന താത്പര്യത്തെ അദ്ദേഹം എന്നും അഭിനന്ദിച്ചിരുന്നു. മാത്രമല്ല, അതിന് പ്രോത്സാഹനമായി, താൻ വെയിൽസ് രാജകുമാരൻ എന്ന പദവി ഏറ്റെടുത്തതിന്റെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ ഒരു ചിത്ര പ്രദർശനത്തിൽ പങ്കെടുക്കാൻ മേഗനെ ക്ഷണിക്കുകയും ചെയ്തിരുന്നു.

ക്ഷണം സ്വീകരിച്ചെങ്കിലും, ടെലിവിഷൻ ചാനലുകളിൽ പരിപാടി സംപ്രേഷണം ചെയ്യുമെന്നറിഞ്ഞ മേഗൻ അതിൽ നിന്നും വിട്ടുനിന്നു. അന്നുമുതൽക്കായിരുന്നു ഹാരിയും ചാൾസും തമ്മിലുള്ള ബന്ധത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാകാൻ തുടങ്ങിയത്. വില്യമിനും കെയ്റ്റിനും ഒപ്പം കെൻസിങ്ടൺ പാലസിൽ താമസിച്ചിരുന്ന ഹാരിയും മേഗനും ഫ്രോഗ്മോർ കോട്ടേജിലേക്ക് മാറാൻ തീരുമാനിച്ചതിനെയും ചാൾസ് എതിർത്തിരുന്നു. എന്നാൽ, രാജപദവികൾ ഉപേക്ഷിച്ച് ഹാരിയും മേഗനും അമേരിക്കയിലേക്ക് കുടിയേറിയതോടെ അച്ഛനും മകനും ഇടയിലെ വിള്ളൽ വലുതാകാൻ തുടങ്ങി.

പിന്നീട് 2020- ല പ്രസിദ്ധീകരിച്ച ഹാരിയുടെയും മേഗന്റെയും ജീവചരിത്രവും അതുപോലെ ഓപ്രാ വിൻഫ്രിയുടെ വിവാദ അഭിമുഖവുമെല്ലാം ഈ ബന്ധം വീണ്ടും വഷളാക്കുകയായിരുന്നു. 2020-21 വർഷക്കാലത്ത് 2 മില്യൺ പൗണ്ടാണ് ചാൾസ് തന്റെ മകന് നൽകിയത്. എന്നിട്ടും ഹാരി ആരോപിച്ചത് പിതാവ് തന്റെ സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതെയാക്കി എന്നായിരുന്നു. തങ്ങളുടെ മകൻ ആർച്ചിക്ക് രാജകുമാരൻ എന്ന പദവി നിഷേധിച്ചു എന്നും ഹാരിയും മേഗനും ആരോപിച്ചിരുന്നു.

എന്നാൽ, ഇത് തികച്ചും അടിസ്ഥാനരഹിതമാണെന്ന് പിന്നീട് വ്യക്തമാക്കപ്പെട്ടു. രാജകുടുംബം പിന്തുടരുന്ന സമ്പ്രദായ പ്രകാരം ആർച്ചിയുടെ മുത്തച്ഛനായ ചാൾസ് രാജകുമാരൻ രാജാവായി അധികാരമേൽക്കുമ്പോൾ ആർച്ചിക്ക് ആ പദവി സ്വമേധയാ വന്നു ചേരും. അതുവരെ തൊട്ടടുത്ത കിരീടാവകാശിയായ മൂത്ത പുത്രൻ വില്യമിന്റെ മക്കൾക്ക് മാത്രമേ ഇത് ലഭിക്കുകയുള്ളു. ഏതായാലും, മേഗന്റെ വാക്കുകൾക്ക് തുള്ളുന്ന ഹാരി തന്റെ കുടുംബവുമായുള്ള ബന്ധം ഇനിയും ഏറെ വഷളാക്കിയേക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്.