ഹൂസ്റ്റൺ: ടെക്സസ് സംസ്ഥാനത്തെ ആദ്യ ഓമിക്രോൺ വേരിയന്റിന്റെ സാന്നിധ്യം ഹൂസ്റ്റണിലെ നോർത്ത് വെസ്റ്റ് ഹാരിസ് കൗണ്ടിയിൽ കണ്ടെത്തിയതായി ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഹെൽത്ത് സർവീസും, കൗണ്ടി ജഡ്ജ് ലിന ഹിൽഡൽഗോയും അറിയിച്ചു. ഡിസംബർ ആറിനു തിങ്കളാഴ്ച വൈകിട്ടാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്.

നാൽപ്പത് വയസ് പ്രായമുള്ള പൂർണ്ണമായും വാക്സിനേറ്റ് ചെയ്ത സ്ത്രീയിലാണ് ഓമിക്രോൺ കണ്ടെത്തിയതെങ്കിലും കോവിഡ് 19-ന്റെ പൊതുവായ ചില രോഗലക്ഷണങ്ങൾ മാത്രമാണ് പ്രകടിപ്പിച്ചിരുന്നുവെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവന്നില്ലെന്നും അധികൃതർ പറഞ്ഞു.

സ്ത്രീ വീടിനു സമീപമുള്ള പ്രദേശങ്ങളിൽ മാത്രമാണ് യാത്രചെയ്തിട്ടുള്ളതെന്നും, പുറത്തേക്ക് യാത്ര ചെയ്തിട്ടില്ലെന്നും പറയുന്നു. ഇവർ താമസിക്കുന്ന കമ്യൂണിറ്റിയിൽ നിന്നുമായിരിക്കാം വൈറസ് കടന്നുകൂടിയതെന്നും കരുതുന്നു.

ആദ്യം ഓമിക്രോൺ വേരിയന്റിന്റെ വ്യാപനം വളരെ ശക്തിയുള്ളതാണെന്നു പറഞ്ഞിരുന്നുവെങ്കിലും, ഡെൽറ്റ് വേരിയന്റിനേക്കാൾ രോഗവ്യാപന ശക്തിയുള്ളതാണോ എന്നു ഇതുവരെ വ്യക്തമാക്കപ്പെട്ടിട്ടില്ലെന്നും ടെക്സസ് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

ഡിസംബർ 6 വരെ ടെക്സസിലെ 254 കൗണ്ടികളിൽ 3.6 മില്യൻ കോവിഡ് 19 കേസുകൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

അമേരിക്കയിൽ ഓമിക്രോൺ വേരിയന്റ് ആദ്യമായി കണ്ടെത്തിയത് ഡിസംബർ ഒന്നിന് കലിഫോർണിയയിലാണ്. തുടർന്ന് ന്യൂയോർക്ക്, മിനസോട്ട തുടങ്ങിയ നിരവധി സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു.