കൊളംബസ് (ജോർജിയ): ഗ്യാസ് സ്റ്റേഷനിൽ നിന്നും ലഭിച്ച തുക ബാങ്കിൽ നിക്ഷേപിക്കാൻ എത്തിയ ഇന്ത്യൻ അമേരിക്കൻ ഗ്യാസ് സ്റ്റേഷൻ ഉടമയെ വിസ്റ്റാ റോഡിലുള്ള ബാങ്ക് ഓഫീസിനു മുന്നിൽ വച്ച് അക്രമികൾ വെടിവച്ച് കൊലപ്പെടുത്തി.

ഡിസംബർ ആറിനു തിങ്കളാഴ്ച രാവിലെ 10.30-നായിരുന്നു സംഭവം. ബാങ്ക് സ്ഥിതിചെയ്തിരുന്ന കെട്ടിടത്തിൽ തന്നെ പ്രവർത്തിച്ചിരുന്ന പൊലീസ് സ്റ്റേഷനു മുന്നിലായിരുന്നു ഈ സംഭവം നടന്നതെന്നത് ജനങ്ങളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.

വെടിയേറ്റ് അമിത് പട്ടേൽ (45) ബാങ്കിനു മുന്നിൽ തന്നെ മരിച്ചതായി കൊളംബസ് പൊലീസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. കയ്യിലുണ്ടായിരുന്ന പണം കവർന്നാണ് അക്രമി ഓടിമറഞ്ഞത്. സ്റ്റീം മിൽ റോഡിനും, ബ്യൂന വിസ്റ്റ റോഡിനും സമീപമുള്ള ഷെലറോൺ ഗ്യാസ് സ്റ്റേഷൻ ഉടമയായിരുന്നു അമിത് പട്ടേൽ. ഗുജറാത്താണ് ജന്മദേശം.

കവർച്ചാ ശ്രമത്തിനിടെയാണ് അക്രമികൾ നിറയൊഴിച്ചതെന്നു ഗ്യാസ് സ്റ്റേഷന്റെ മറ്റൊരു പാർട്ണർ വിന്നി പട്ടേൽ പറഞ്ഞു. ഇവർ കഴിഞ്ഞ ആറു വർഷമായി ഒരുമിച്ച് ഗ്യാസ് സ്റ്റേഷൻ നടത്തിവരികയായിരുന്നു.

അമിത് പട്ടേലിന്റെ മകളുടെ മൂന്നാം ജന്മദിനം ആഘോഷിക്കുന്ന ദിവസമാണ് മരണം സംഭവിച്ചതെന്ന് വിന്നി പട്ടേൽ പറഞ്ഞു.നവംബർ 17-ന് ടെക്സസിലെ ഡോളർ സ്റ്റോർ ഉടമയും മലയാളിയുമായ സാജൻ മാത്യൂസ് പതിനഞ്ച് വയസുകാരന്റെ വെടിയേറ്റ് മരിച്ചിരുന്നു.