കണ്ണുർ: വടക്കെ മലബാറിന്റെ ആകാശ സ്വപ്നങ്ങളെ നിറം പിടിപ്പിച്ച കണ്ണൂർ അന്താരാഷ്ട്ര വിമാന താവളം നാളേക്ക് മൂന്ന് വർഷം പിന്നിടുന്നു.കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമായിട്ട്മൂന്നു വർഷം പൂർത്തിയാകുന്ന ഡിസംബർ ഒൻപതിന് കണ്ണൂർ മാസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന വാർഷികാഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

മന്ത്രിമാരായ എം വി ഗോവിന്ദൻ എ കെ ശശീന്ദ്രൻ പി എ മുഹമ്മദ് റിയാസ് അഹമ്മദ് ദേവർകോവിൽ എംപിമാരായ കെ സുധാകരൻ ജോൺബ്രിട്ടാസ് ഡോക്ടർ വി ശിവദാസൻ എംഎൽഎമാർ മേയർ തുടങ്ങിയവർ ആഘോഷപരിപാടികളിൽ പങ്കെടുക്കുമെന്ന് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് സിഇഒ സുഭാഷ് മുരിക്കഞ്ചേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു

മൂന്നുവർഷമെന്നത് ഒരു ഇന്റർനാഷണൽ വിമാനത്താവളത്തെ സംബന്ധിച്ച ദീർഘകാലമല്ല. കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്താൻ പരിസ്ഥിതി ആഘാത പഠനമടക്കം ഇനിയും നടക്കേണ്ടതുണ്ട്. വിമാനത്താവള വികസന സാധ്യതകൾ സംബന്ധിച്ച് നാട്ടുകാരും വിദഗ്ധരും അടക്കമുള്ളവരുമായി സംവാദങ്ങൾ കുറെയേറെ നടന്നുകഴിഞ്ഞു.

ഇൻഡിഗോ,എയർ ഇന്ത്യ സ്‌പൈസ് ജെറ്റ് , ടാറ്റ തുടങ്ങിയ വിമാനക്കമ്പനികളുടെ മേധാവികളുമായി തുടർ ചർച്ചകൾ നടന്നുവരികയാണ്.കാർഗോ സർവീസ് തുടങ്ങാനായത്വലിയ നേട്ടമായി. കേരളം,മൈസൂർ, കൂർഗ് എന്നിവിടങ്ങളിലെ പഴ പച്ചക്കറികൾ അടക്കം കയറ്റുമതി ചെയ്യുന്നു. എന്നാൽ കൊണ്ടുപോകുന്നതിനൊപ്പം ഇങ്ങോട്ടേക്ക് ഉള്ള കാർഗോ സർവീസ് കൂടുതൽ കാര്യക്ഷമമാവേണ്ടതുണ്ട്. എങ്കിൽ മാത്രമേകാർഗോ സർവീസ് ലാഭകരമാകൂ.

ഒരു വർഷത്തിനുള്ളിൽ കാർഗോ സർവീസ് പൂർണ ഫലപ്രാപ്തിയിൽ എത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.വാർഷികാഘോഷത്തോടനുബന്ധിച്ച് വിമാനത്താവളം വികസനം സംബന്ധിച്ച് നാലു സെമിനാറുകൾ നടക്കും. വിമാനത്താവളം എം ഡി ഡോക്ടർ വി.വേണു ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ് തുടങ്ങിയവർ വികസന സെമിനാറുകൾ നയിക്കും.

വാർഷികത്തോടനുബന്ധിച്ച് കൈരളി ചാനൽ അവതരിപ്പിക്കുന്ന ഡെസ്റ്റിനേഷൻ കണ്ണൂർ ബിയോണ്ട് ഇമേജിനേഷൻ പരിപാടിയും നടക്കും. കണ്ണൂർ വിമാനത്താവളം വഴി കണ്ണൂർ വയനാട് കാസർകോട് ജില്ലകൾക്കും ഒരുപാട് മേഖലകളിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്നാണ് പ്രതീക്ഷ യെന്നും സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സി ജയചന്ദ്രൻ , ജിഗീഷ് നാരായൺ അജയകുമാർ , ഷൈജു എന്നിവരും പങ്കെടുത്തു