ന്യൂഡൽഹി: തമിഴ്‌നാട്ടിലെ കുനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന് പ്രണാമം അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തികഞ്ഞ ദേശസ്നേഹിയായ അദ്ദേഹത്തിന്റെ സേവനം രാജ്യം ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ബിപിൻ റാവത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അദ്ദേഹം പ്രണാമം അർപ്പിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയെന്ന നിലയിൽ നമ്മുടെ സേനകളെ മികച്ചതാക്കുന്നതിൽ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് ബിപിൻ റാവത്ത് കാഴ്ചവെച്ചത്. കരസേന മേധാവിയായി വളരെ കാലം സേവനം അനുഷ്ഠിച്ചിരുന്ന അദ്ദേഹം കൈനിറയെ അനുഭവങ്ങളുമായാണ് അധികാരമേറ്റത്. അദ്ദേഹത്തിന്റെ സേവനങ്ങൾ രാജ്യം ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

പ്രഗത്ഭനായ സൈനികനായിരുന്നു ബിപിൻ റാവത്ത്. സത്യസന്ധനായ ദേശസ്നേഹി. രാജ്യത്തിന്റെ സേനകളെ ആധുനികവത്കരിക്കുന്നതിൽ വലിയ സംഭാവനയാണ് അദ്ദേഹം നൽകിയത്. നയതന്ത്രകാര്യങ്ങളിൽ അദ്ദേഹത്തിനുള്ള കാഴ്ചപ്പാടും, ദീർഘവീക്ഷണവും പകരംവയ്ക്കാൻ ആകാത്തതാണ്. ബിപിൻ റാവത്തിന്റെ അപ്രതീക്ഷിത വിയോഗം അതിയായ ദുഃഖമുളവാക്കുന്നു.

തമഴ്‌നാട്ടിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ബിപിൻ റാവത്തും അദ്ദേഹത്തിന്റെ ഭാര്യയും, മറ്റ് സേനാംഗങ്ങളും കൊല്ലപ്പെട്ടുവെന്ന വാർത്ത അതിയായ ഞെട്ടലോടെയാണ് കേട്ടത്. തികഞ്ഞ ശ്രദ്ധയോടെ ഇന്ത്യയെ സേവിച്ച വ്യക്തിത്വമാണ് അദ്ദേഹം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.