ന്യൂഡൽഹി : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രിമാരായ അമിത് ഷായും രാജ്‌നാഥ് സിംഗും. രാജ്യത്തിന് ഇന്ന് സങ്കടകരമായ ദിനമാണെന്നും, മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീര സൈനികനാണ് ബിപിൻ റാവത്തെന്നും അമിത് ഷാ കുറിച്ചു.

'സിഡിഎസ് ജനറൽ ബിപിൻ റാവത്ത് ജിയെ വളരെ ദാരുണമായ ഒരു അപകടത്തിൽ നഷ്ടപ്പെട്ടതിനാൽ രാജ്യത്തിന് വളരെ സങ്കടകരമായ ദിനമാണിന്ന് . മാതൃരാജ്യത്തെ അത്യധികം ഭക്തിയോടെ സേവിച്ച ധീരനായ സൈനികരിൽ ഒരാളായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മാതൃകാപരമായ സംഭാവനകളും പ്രതിബദ്ധതയും വാക്കുകളിൽ വിവരിക്കാനാവില്ല. ഈ വേർപാടിൽ ഞാൻ അഗാധമായി വേദനിക്കുന്നു ' അദ്ദേഹം കുറിച്ചു

ജനറൽ ബിപിൻ റാവത്തിന്റെ അപ്രതീക്ഷിത വിയോഗം രാജ്യത്തിനും, ഇന്ത്യൻ സൈന്യത്തിനും തീരാ നഷ്ടമാണെന്ന് രാജ്നാഥ് സിങ്  പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ബിപിൻ റാവത്തിന്റെ വിയോഗത്തിൽ അദ്ദേഹം അനുശോചനം അറിയിച്ചത്.

സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ, 11 സേനാംഗങ്ങൾ എന്നിവരുടെ അപ്രതീക്ഷിത വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനും, സൈന്യത്തിനും തീരാ നഷ്ടമാണ്- രാജ്നാഥ് സിങ് ട്വിറ്ററിൽ കുറിച്ചു.

കോയമ്പത്തൂരിൽനിന്ന് ബുധനാഴ്ച പകൽ 11.47ന് പറന്നുയർന്ന ഹെലികോപ്റ്റർ ഉച്ചയ്ക്കു 12.20നാണ് തകർന്നുവീണത്. ലാൻഡിങ്ങിന് 10 കിലോമീറ്റർ മാത്രമകലെയായിരുന്നു അപകടം. വൈകീട്ടോടെയാണ് ഹെലികോപ്റ്റർ അപകടത്തിൽ ബിപിൻ റാവത്തുകൊല്ലപ്പെട്ട വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.