- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വീണ്ടും വർക്ക് ഫ്രം ഹോം; എല്ലായിടത്തും മാസ്‌ക് നിർബന്ധമാക്കും; പൊതുപരിപാടികൾക്ക് വാക്സിൻ പാസ്സ്പോർട്ട് നിർബന്ധം; ഒട്ടേറെ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി; ബ്രിട്ടൻ വീണ്ടും കടുത്ത നിയന്ത്രണത്തിലേക്ക്
അവസാനം, ഓമിക്രോൺ എന്ന മാരക വകഭേദത്തെ നേരിടാൻ കരുതിവെച്ച ബ്രഹ്മാസ്ത്രം പുറത്തെടുക്കേണ്ടി വന്നിരിക്കുന്നു ബ്രിട്ടീഷ് ഭരണകൂടത്തിന്. വർക്ക് ഫ്രൊം ഹോം, വാക്സിൻ പാസ്സ്പോർട്ട് എന്നിവ അടക്കമുള്ള പ്ലാൻ ബി നിലവിൽ വരികയാണ്. ഇന്നലെ രാത്രിയാണ് ബോറിസ് ജോൺസൺ ഇതുസംബന്ധിച്ച പ്രഖ്യാപനം ഇറക്കിയത്. പുതിയ നിയമമനുസരിച്ച് വർക്ക് ഫ്രം ഹോം മാർഗ്ഗനിർദ്ദേശങ്ങൾ തിരികെ പ്രാബല്യത്തിലെത്തും . അതുപോലെ പൊതുവേദികളിൽ പ്രവേശനത്തിന് കോവിഡ് പാസ്സ്പോർട്ട് നിർബന്ധമാകും. മാത്രമല്ല കടകൾക്കും പൊതുഗതാഗത സംവിധാനത്തിനും പുറമെ തീയറ്ററുകൾഇലും സിനിമാഹോളുകളിലുംമാസ്‌ക് നിർബന്ധമാവുകയും ചെയ്യും.
ഓരോ രണ്ടോ മൊന്നോ ദിവസങ്ങളിലും ഓമിക്രോണിന്റെ വ്യാപനനിരക്ക് ഇരട്ടിയാവുകയാണെന്ന് പുതിയ നയം ജനപ്രതിനിധി സഭയിൽ അവതരിപ്പിച്ചുകൊണ്ട് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. ഈ മാസം അവസാനമാകുമ്പോഴേക്കും ഓമിക്രോൺ ബാധിതരുടെ എണ്ണം ഒരു ദശലക്ഷം കടക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പുതിയ നിയന്ത്രണങ്ങൾ ജനുവരി 5 ന് മാത്രമായിരിക്കും പുനർ വിശകലനം ചെയ്യുക. മാത്രമല്ല, ഇത് ജനുവരി 26 വരെയെങ്കിലും നിലനിൽക്കുകയും ചെയ്യും.
ക്രിസ്ത്മസ്സ് വിപണി ഉണർന്നു തുടങ്ങിയ സമയത്തുള്ള പുതിയ നിയന്ത്രണങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് സാമ്പത്തിക വിദഗ്ദർ ഉയർത്തുന്നത്. ചുരുങ്ങിയത് 4 ബില്ല്യൺ പൗണ്ടിന്റെ നഷ്ടമെങ്കിലും ഇതുമൂലം പ്രതിമാസം ഉണ്ടാകുമെന്നാണ് അവർ വിലയിരുത്തുന്നത്. എന്നാൽ, ഡെൽറ്റ വകഭേദത്തേക്കാൾ വേഗത്തിലാണ് പുതിയ വകഭേദം വ്യാപിക്കുന്നത് എന്ന് പറഞ്ഞ ബോറിസ് ജോൺസൺ, ക്രിസ്ത്മസ് പർട്ടിയിൽ പങ്കെടുക്കുന്നതിനു മുൻപായി കോവിഡ് പരിശോധന നടത്തണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു.
വരുന്ന തിങ്കളാഴ്‌ച്ച മുതലായിരിക്കും വർക്ക് ഫ്രം ഹോം നിർദ്ദേശം വീണ്ടും പ്രാബല്യത്തിൽ വരിക. അതുപോലെ നിശാക്ലബ്ബുകളിലും മറ്റ് പൊതുയിടങ്ങളിലും പ്രവേശനത്തിന് എൻ എച്ച് എസിന്റെ കോവിഡ് പാസ്സ്പോർട്ട് നിർബന്ധമാവുകയും ചെയ്യും. ഇതുവരെ പൊതുഗതാഗത സംവിധാനങ്ങളിലും കടകളിലും നിർബന്ധമായിരുന്ന മാസ്‌ക് ഇനിമുതൽ തീയറ്ററുകളിലും സിനിമാഹോളുകളിലും നിർബന്ധമാക്കും. ഇത് നാളെ മുതൽ പ്രാബല്യത്തിൽ വരും. എന്നാൽ, പബ്ബുകളിലും റെസ്റ്റോറന്റുകളിലും മാസ്‌ക് നിർബന്ധമാക്കിയിട്ടില്ല.
അഞ്ഞൂറിലധികം ആളുകൾ പങ്കെടുക്കുന്ന പരിപാടികൾ നടക്കുന്ന ഇൻഡോർ വേദികളിലും അതുപോലെ 4000 ആളുകളെങ്കിലും പങ്കെടുക്കുന്ന പരിപാടികൾ നടക്കുന്ന ഔട്ട്ഡോർ വേദികളിലും പ്രവേശനത്തിന് കോവിഡ് പാസ്സ്പോർട്ട് നിർബന്ധമാക്കി. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് കോവിഡ് പാസ്സ്പോർട്ട് ലഭിക്കും. അതുപോലെ ഒരു ലാറ്ററൽ ഫ്ളോ ടെസ്റ്റ് നടത്തി നെഗറ്റീവ് സ്ഥിരീകരിച്ചാലും ഇത് ലഭിക്കുമെന്ന് ബോറിസ് ജോൺസൻ പറഞ്ഞു. എന്നാൽ, ഈ മാനദണ്ഡം മാറിയേക്കാം. ബൂസ്റ്റർ ഡോസ് പദ്ധതി പൂർത്തിയാക്കിയാൽ, സമ്പൂർണ്ണ വാക്സിൻ എടുത്തവർ എന്ന വിഭാഗത്തിൽ, ബൂസ്റ്റർ ഡോസ് കൂടി എടുത്തവരെ മാത്രം ഉൾപ്പെടുത്താൻ ആലോചിക്കുന്നുണ്ട്.
ഇതുവരെ 568 പേരിലാണ് ബ്രിട്ടനിൽ ഓമിക്രോണിന്റെ സാന്നിദ്ധ്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നതെങ്കിലും യഥാർത്ഥ കണക്ക് ഇതിന്റെ പതിന്മടങ്ങ് വരുമെന്നാണ് കരുതുന്നത്. ചുരുങ്ങിയത് 10,000 പേരിലെങ്കിലും ഓമിക്രോണിന്റെ സാന്നിദ്ധ്യമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇന്നലെ 51,342 പേർക്കാണ് ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ബുധനാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 6.1 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. മാത്രമല്ല, ഈ ആഴ്‌ച്ച ഇത് തുടർച്ചയായ നാലാമത്തെ ദിവസമാണ് പുതിയ രോഗികളുടെ എണ്ണം 50,000 കടക്കുന്നത്.
അതേസമയം മരണനിരക്കിൽ 5.8 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലഭ്യമായ ഏറ്റവും പുതിയ കണക്കനുസരിച്ച്, ഡിസംബർ 4 ന് ആശുപത്രിയിൽ ചികിത്സതേടിയെത്തുന്ന രോഗികളുടെ എണ്ണത്തിലും നേരിയ കുറവുണ്ടായിട്ടുണ്ട്. എന്നാൽ, എൻ എച്ച് എസിനു നേരെയുള്ള വെല്ലുവിളി ഒഴിവായി എന്ന് ഇനിയും കരുതാറായിട്ടില്ല. ഓമിക്രോണിന്റെ വ്യാപനം അതിവേഗം നടക്കുന്നതിനാൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം കുതിച്ചുയരാനും ഇടയുണ്ട്. അതുകൂടി കണക്കിലെടുത്താണ് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
സാമ്പത്തിക വിദഗ്ദരെ പോലെ ശാസ്ത്രജ്ഞരും പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നതിനെ എതിർക്കുകയാണ്. എന്നാൽ, അവരുടെ എതിർപ്പിന്റെ കാരണം മറ്റൊന്നാണെന്ന് മാത്രം. വർക്ക് ഫ്രം ഹോമും കോവിഡ് പാസ്സ്പോർട്ടുമൊന്നും ഓമിക്രോൺ തരംഗത്തെ തടയുവാൻ മതിയാകില്ല എന്നാണ് ഇവർ പറയുന്നത്. ഇതോടെ, വരും ആഴ്‌ച്ചകളിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വരുമോ എന്ന സംശയത്തിന് ആക്കം കൂടിയിരിക്കുകയാണ്. എന്നാൽ, ഇപ്പോൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങളെ തന്നെ പല ഭരണകക്ഷി എം പിമാരും എതിർക്കുന്ന സാഹചര്യത്തിൽ അത്തരമൊരു നടപടിക്ക് സർക്കാർ മുതിരുമോ എന്ന് സംശയിക്കുന്നവരും ഉണ്ട്.