മിക്രോൺ താണ്ഡവമാടുന്ന ദക്ഷിണാഫ്രിക്കയിൽ കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ അഞ്ചുമാസത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. കഴിഞ്ഞ 24 മണീക്കൂറിനുള്ളിൽ 19,842 പേർക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു എന്ന് നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഫോർ കമ്മ്യുണിക്കബിൾ ഡിസീസിന്റെ ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നു. ഇത് കഴിഞ്ഞ ബുധനാഴ്‌ച്ചയിലേതിന്റെ ഇരട്ടിയാണ്. ജൂലയ്ക്ക് ശേഷം ഒരൊറ്റ ദിവസം ഇതയധികം രോഗികളുടെ രോഗം സ്ഥിരീകരിക്കുന്നതും ഇതാദ്യമായാണ്.

ഓമിക്രോണ്ട് താരതമ്യേന ദുർബലമായ വകഭേദമാണെന്ന് ദക്ഷിണാഫ്രിക്കയിലെ ഡോക്ടർമാർ ആവർത്തിച്ചു പറയുമ്പോഴും ഇന്നലെ 374 പേരെയാണ് കോവിഡ്മൂലം വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഒരാഴ്‌ച്ചയ്ക്കുള്ളിൽ ആശുപത്രിയിൽ ചികിത്സതേടിയെത്തുന്ന കോവിഡ് രോഗികളുടെ എണ്ണം 170 ശതമാനമാണ് വർദ്ധിച്ചത്. എന്നാൽ, ഡെൽറ്റാ തരംഗത്തിന്റെ കാലത്ത് ഇന്റൻസീവ് കെയറിലും വെന്റിലേറ്ററിലും പ്രവേശിപ്പിച്ചതിനേക്കാൾ കുറവ് രോഗികളെ മാത്രമാണ് ഇപ്പോൾ പ്രവേശിപ്പിക്കുന്നതെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ഇന്നലെ 36 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 28 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. എന്നാൽ, രോഗം ബാധിച്ച് മരണത്തിലെത്താൻ സമയമെടുക്കുമെന്നതിനാൽ ഇപ്പോഴുള്ള രോഗവ്യാപന തോത് മരണനിരക്കിൽ പ്രതിഫലിക്കുവാൻ ഇനിയും കുറച്ചു നാൾ കൂടി എടുക്കും എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. രോഗം അതി കഠിനമായി ബാധിച്ച ഗൗടംഗ് പ്രവിശ്യയിൽ പോലും ഐ സി യുവിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിൽ ഡെൽറ്റാ തരംഗകാലത്തെ അപേക്ഷിച്ച് വളരെയധികം കുറവുണ്ട്.

ഇതുതന്നെ ഓമിക്രോൺ താരതമ്യേന ദുർബലമാണ് എന്നതിന്റെ തെളിവാണെന്ന് ബ്രിട്ടീഷ് വിദഗ്ദരും പറയുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഒരു ഉറച്ച തീരുമാനത്തിലെത്താൻ ഇനിയും കാത്തിരിക്കെണ്ടതുണ്ട്. വൈറസ് ബാധയുണ്ടായി കുറച്ചു നാളുകൾക്ക് ശേഷമാണ് രോഗം മൂർച്ഛിക്കുന്നതും മരണം സംഭവിക്കുന്നതും എന്നതാണ് ഇതിനു കാരണമായി അവർ പറയുന്നത്.

അതേസമയം ബ്രിട്ടനിലും കോവിഡ് വ്യാപനം ശക്തി പ്രാപിക്കുകയാണ്. ഈയാഴ്‌ച്ച തുടർച്ചയായി നാലാം ദിവസവും പുതിയതായി രോഗം ബാധിച്ചവരുടെ എണ്ണം 50,000 കടന്നു. ഇന്നലെ 51,342 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ചയിലേതിനെ അപേക്ഷിച്ച് 6.1 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്.

അതേസമയം ഓമിക്രോൺ വ്യാപനം ബ്രിട്ടനിലും കൂടുതൽ കടുക്കുകയാണ് രണ്ടോ മൂന്നോ ദിവസം കൊണ്ടു തന്നെ വ്യാപനതോത് ഇരട്ടിയാകുന്ന തരത്തിലാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്. കേവലം അഞ്ഞൂറിലധികം പേരിൽ മാത്രമാണ് ഇപ്പോൾ ബ്രിട്ടനിൽ ഓമിക്രോണിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരിക്കുന്നതെങ്കിലും യഥാർത്ഥ കണക്കിൽ അത് 10,000 ന് മുകളിലായിരിക്കുമെന്നാണ് കരുതുന്നത്. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഡിസംബർ അവസാനമാകുമ്പോഴേക്കും ബ്രിട്ടനിൽ ഓമിക്രോൺ ബാധിതരുടെ എണ്ണം പത്ത് ലക്ഷം കടക്കുമെന്ന് ഹെൽത്ത് സെക്രട്ടറി സജിദ് ജാവേദ് പറഞ്ഞത്.

നടപ്പിലാക്കാതെ മാറ്റിവെച്ച പ്ലാൻ ബി നടപ്പിലാക്കുവാൻ ബ്രിട്ടീഷ് സർക്കാരിനെ നിർബന്ധിതമാക്കിയിരിക്കുകയാണ് ഓമിക്രോൺ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും അഭൂതപൂർവ്വമായ വേഗതയിലാണ് ഇത് പടരുന്നത്. അധികം വൈകാതെ തന്നെ ഡെൽറ്റ വകഭേദത്തെ പിന്തള്ളി ഏറ്റവുമധികം ആളുകളെ ബാധിച്ച വകഭേദമായി ഓമിക്രോൺ മാറുമെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്.