ചെറുപ്രായത്തിൽതന്നെ അർബുദ രോഗത്തോടു പോരാടി ഒടുവിൽ മരണത്തിന് കീഴടങ്ങിയ മലയാളി ബാലന്റെ സംസ്‌കാരം ഓസ്‌ട്രേലിയയിൽ തന്നെ നടക്കും. ജോഷ്വ എന്ന് പതിമൂന്ന് വയസുകാരൻ തന്റെ ജന്മദിനമായ കഴിഞ്ഞ തിങ്കളാഴ്‌ച്ചയാണ് മരണത്തിനു കീഴടങ്ങിയത്. സംസ്‌കാരം 16-നു നടത്താനാണ് ബന്ധുക്കൾ തീരുമാനിച്ചിരിക്കുന്നത്.

ഓസ്ട്രേലിയയിലെ പെർത്ത് സെന്റ് മേരീസ് കത്തീഡ്രലിൽ ഉച്ചയ്ക്ക് 1.30-ന് (പെർത്ത് സമയം) പൊതുദർശനവും തുടർന്ന് രണ്ടിന് ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷകളിൽ പെർത്ത് ആർച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ മുഖ്യകാർമികത്വം വഹിക്കും. കാരക്കട്ട സെമിത്തേരിയിൽ വൈകിട്ട് നാലിനാണ് സംസ്‌കാരച്ചടങ്ങുകൾ ആരംഭിക്കുന്നത്.

പെർത്തിൽ താമസിക്കുന്ന സുബി സദാശിവന്റെയും ജയശ്രീയുടെയും മകനാണ് ജോഷ്വ. സഹോദരൻ: അമൽ്. പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിൽ നാലു വർഷമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു ഏറെക്കാലമായി ജോഷ്വ.

പെർത്ത് സെന്റ് മേരീസ് കത്തീഡ്രലിൽ ജീവനക്കാരനാണ് സുബി സദാശിവൻ. കത്തീഡ്രലിന്റെ ക്വാർട്ടേഴ്സിലാണ് കുടുംബം താമസിക്കുന്നത്. പെർത്ത് ചിൽഡ്രൻസ് ആശുപത്രിയിൽ നഴ്സാണ് ജയശ്രീ. കുട്ടിയുടെ ചികിത്സാർഥം കഴിഞ്ഞ കുറേ മാസങ്ങളായി അവധിയിലാണ്.സംസ്‌കാര ശുശ്രൂഷകൾക്ക് പെർത്ത് സിറോ മലബാർ സെന്റ് ജോസഫ് പള്ളി വികാരി ഫാ. അനീഷ് ജെയിംസ്, ഫാ. വർഗീസ് പാറയ്ക്കൽ, ഫാ. സാബു ജേക്കബ്, ഫാ. തോമസ് മങ്കുത്തേൽ എന്നിവർ സഹകാർമികരായിരിക്കും.