ദമ്മാം: നീലഗിരിക്ക് സമീപം കൂനൂരിൽ ഉണ്ടായ അപ്രതീക്ഷിത ഹെലികോപ്റ്റർ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് നവയുഗം സാംസ്കാരിക വേദി കേന്ദ്രകമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു. അപകടത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ കേന്ദ്രകമ്മിറ്റി, രാജ്യത്തിനും, മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കും ഉണ്ടായ ദുഃഖത്തിൽ പങ്കു ചേരുന്നതായി അറിയിച്ചു.

ഇന്ത്യൻ വ്യോമസേനയുടെ F Mi-17V5 എന്ന ഹെലികോപ്ടറിൽ, കുനൂരിൽ നിന്ന് വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേ കോയമ്പത്തൂരിനും സുലൂരിനും ഇടയിൽ കാട്ടേരി പാർക്കിൽ ലാൻഡിങ്ങിന് ശ്രമിക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്.

ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ് ലിഡ്ഡർ, ലെഫ്.കേണൽ ഹർജീന്ദർ സിങ്, എൻ.കെ ഗുർസേവക് സിങ്, എൻ.കെ ജിതേന്ദ്രകുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് ബി സായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരാണ് അപകടത്തിൽ പെട്ട ഹെലിക്കോപ്ടറിലുണ്ടായിരുന്നത്.

ഇതുവരെ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന 14 പേരിൽ 13 പേരുടെയും മരണം സ്ഥിതീകരിച്ചിട്ടുണ്ട്. സൈനിക ഉദ്യോഗസ്ഥർ ല്ലിങ്ടൺ കന്റോൺമെന്റിൽ ഒരു സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള യാത്രയ്ക്കിടെയാണ് ദുരന്തം ഉണ്ടായത്.