കോട്ടയം: കൊല്ലാട് കളത്തിൽക്കടവിൽ മീൻ പിടിക്കാൻ വച്ച വലയിൽ കുടുങ്ങിയത് കൂറ്റൻ പെരുമ്പാമ്പ്. പ്രദേശവാസിയായ ടി.ആർ. തങ്കപ്പൻ മീൻ പിടിക്കുന്നതിനായി വിരിച്ച വലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. വലയിൽപെട്ട മീനുകളെ അകത്താക്കിയ ശേഷം പുറത്തിറങ്ങാനാവാതെ അകപ്പെടുകയായിരുന്നു.

പതിവുപോലെ, രാവിലെ മീൻകൂടയിൽ കുടുങ്ങിയ മത്സ്യങ്ങളെ എടുക്കാനെത്തിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്. ഉജനവാസ മേഖലയിൽ പെരുമ്പാമ്പിനെ കണ്ടെത്തിയതിനെ തുടർന്ന് ഉടൻ വനപാലകരെ വിവരമറിയിച്ചു.

വിവരമറിഞ്ഞ് നിരവധി പേരാണ് പെരുമ്പാമ്പിനെ കാണാനെത്തുന്നത്. പിടികൂടിയ പെരുമ്പാമ്പിന്റെ ദൃശ്യം ചുരുങ്ങിയ സമയംകൊണ്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

കഴിഞ്ഞ 65 വർഷമായി മീൻ പിടിക്കുന്നുണ്ടെങ്കിലും ആദ്യമായാണ് പെരുമ്പാമ്പ് കുടുങ്ങിയതെന്നും പാമ്പിനെ തുറന്നു വിട്ടാൽ അപകടമാണെന്നു തോന്നിയതുകൊണ്ടാണ് വനം വകുപ്പിനെ അറിയിച്ചതെന്ന് തങ്കപ്പൻ പറഞ്ഞു.