ദോഹ: നാല് വർഷം മുമ്പ് മുറിച്ച ബന്ധം വിളക്കി ചേർത്തതിന് ശേഷം ഇതാദ്യമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഖത്തറിലെത്തി. ഗൾഫ് പര്യടനത്തിന്റെ ഭാഗമായാണ് സന്ദർശനം. 2017 ജൂണിലാണ് ഖത്തറുമായി സൗദിയും, യുഎഇയും ബഹ്‌റൈനും എല്ലാ ബന്ധവും ഉപേക്ഷിച്ചത്. ഇറാനുമായി അടുപ്പമുള്ള തീവ്ര ഇസ്ലാമിക ഗ്രൂപ്പുകൾക്ക് പിന്തുണ നൽകുന്നു എന്നാരോപിച്ച് ആയിരുന്നു അത്. ഖത്തർ ആരോപണങ്ങൾ നിഷേധിക്കുകയും ചെയ്തിരുന്നു.

ജനുവരിയിൽ സൗദിയിലെ അൽ ഉലയിൽ നടന്ന ചരിത്രപരമായ ഉച്ചകോടിക്ക് ശേഷമാണ് ഖത്തറുമായി ബന്ധം പുനഃസ്ഥാപിച്ചത്. മുഹമ്മദ് ബിൻ സൽമാനും ഖത്തർ അമീർ ഷെയ്ഖ് തമീമും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും വിവിധ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളും ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും അവലോകനം ചെയ്തു.

സൗദിയും ഖത്തറും തമ്മിലുള്ള ശക്തമായ ബന്ധത്തെ കൂടുതൽ ദൃഢമാക്കും മുഹമ്മദ് ബിൻ സൽമാന്റെ സന്ദർശനമെന്ന് ഖത്തർ അമീർ പറഞ്ഞു. 'ഇന്ന്, എന്റെ സഹോദരൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ചർച്ച ചെയ്തു. കൂടാതെ മേഖലയിലെ സുരക്ഷയും സ്ഥിരതയും സംബന്ധിച്ച പൊതുവായ ആശങ്കയും പങ്കുവെച്ചു' ഷെയ്ഖ് തമീം പറഞ്ഞു.

ഇറാനും തുർക്കിയുമായുള്ള പ്രാദേശിക തർക്കങ്ങൾ തീർപ്പാക്കുന്നതിന്റെ ഭാഗമായാണ് മുഹമ്മദ് ബിൻ സൽമാന്റെ ഗൾഫ് പര്യടനം. തുർക്കി പ്രസിഡന്റ് രജബ് ത്വയിബ് ഉർദ്ദുഗാൻ ഈയാഴ്ച രണ്ടുദിവസത്തെ ചർച്ചകൾക്കായി ഖത്തറിൽ എത്തിയിരുന്നു. സൗദിയുടെ നേതൃത്വത്തിലുള്ള ബഹിഷ്‌കരണ സമയത്ത് ഖത്തറിനെ പിന്തുണച്ചത് ഉർദ്ദുഗാന്റെ സർക്കാരാണ്.

സമീപകാലത്ത് ഖത്തറും, തുർക്കിയും സാമ്പത്തിക -രാഷ്ട്രീയ രംഗങ്ങളിൽ മികച്ച പങ്കാളികളാണ്. 2015ൽ നടന്ന സുപ്രീം സ്ട്രാറ്റജിക് കമ്മിറ്റി യോഗത്തിൽ ഇരു രാജ്യങ്ങളും പത്തോളം കരാറിൽ ഒപ്പുവെച്ചിരുന്നു. ഇറാനും സൗദിയും ആയുള്ള ബന്ധത്തിലും മഞ്ഞുരുകി വരികയാണ്. 2018 ൽ തുർക്കിയും സൗദിയും തമ്മിലുള്ള ബന്ധം വഷളായത് ഇസ്താൻബുൾ കോൺസുലേറ്റിൽ വച്ച് സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടതോടെയാണ്.