ന്യൂഡൽഹി: ഓമിക്രോൺ വ്യാപനത്തിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനഃസ്ഥാപിക്കുന്നത് നീട്ടി വെച്ചു. ജനുവരി 31 വരെ വിമാന സർവ്വീസുകൾ പുനരാരംഭിക്കില്ലെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഓമിക്രോൺ പടരുന്നതിനാൽ ആഗോള സാഹചര്യം പരിഗണിച്ചാണ് നടപടി.

കോവിഡ് വ്യാപനത്തെ തുടർന്ന് 2020 മാർച്ചിൽ നിർത്തലാക്കിയ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ നിയന്ത്രണങ്ങളോടെ ഈ മാസം പതിനഞ്ചിന് പുനഃസ്ഥാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ഓമിക്രോൺ പടർന്നതോടെ തീരുമാനം പുനപരിശോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യോമയാന മന്ത്രാലയത്തിന് നിർദ്ദേശം നൽകി.

അന്താരാഷ്ട്ര സർവ്വീസുകൾ പൂർവ്വസ്ഥിതിയിലാക്കുന്നതിനെ സംസ്ഥാനങ്ങളും എതിർത്തു. തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമേ തീരുമാനം ഉണ്ടാകൂ എന്ന് വാർത്താകുറിപ്പിൽ വ്യോമയാനമന്ത്രാലയം വ്യക്തമാക്കി. ഒടുവിൽ വിമാന സർവ്വീസുകൾ പുനഃസ്ഥാപിക്കുന്നത് നീട്ടി വെക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ രാജ്യങ്ങൾ തമ്മിൽ ധാരണയിലെത്തി തുടരുന്ന എയർ ബബിൾ സർവ്വീസുകൾക്ക് മാറ്റമുണ്ടാകില്ല.