ന്യൂഡൽഹി: തമിഴ്‌നാട് കൂനൂരിൽ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർക്ക് ആദരാഞ്ജലി അർപ്പിച്ച്  പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി, ഭൗതിക ശരീരങ്ങളിൽ പുഷ്പാർച്ചന നടത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മൂന്ന് സേനാ മേധാവികൾ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരും ആദരാഞ്ജലിയർപ്പിച്ചു.

അപകടത്തിൽ അന്തരിച്ച 13 പേരുടേയും മൃതദേഹങ്ങൾ സുലൂരിൽനിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിച്ചത്. രാത്രി എട്ടുമണിയോടെയാണ് സുലൂരിലെ വ്യോമതാവളത്തിൽനിന്നു മൃതദേഹങ്ങൾ ഡൽഹി പാലം വിമാനത്താവളത്തിൽ എത്തിയത്. ഊട്ടി വെല്ലിങ്ടൻ മദ്രാസ് റെജിമെന്റ് സെന്ററിലെ പൊതുദർശനത്തിനുവച്ചശേഷം വിലാപയാത്രയായാണ് മൃതദേഹങ്ങൾ സുലൂരിലെ വ്യോമതാവളത്തിലേക്കു കൊണ്ടുവന്നത്.

 8.30 മുതലാണ് ചടങ്ങുകൾ ആരംഭിച്ചത്. ഒമ്പത് മണിയോടെ പാലം വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ത്യാഞ്ജലി അർപ്പിച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും സൈനിക മേധാവിമാരടക്കമുള്ളവരും ആദരവ് അർപ്പിച്ചു.

ബിപിൻ റാവത്ത്, റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകും. മറ്റുള്ളവരുടെ മൃതദേഹങ്ങൾ പരിശോധനയ്ക്കായി സൈനിക ആശുപത്രിയിലേക്ക് മാറ്റും. തിരിച്ചറിയൽ പരിശോധന കഴിഞ്ഞതിന് ശേഷമായിരിക്കും മൃതദേഹങ്ങൾ വിട്ടു നൽകുക. അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കളെയും ഡൽഹിയിലെത്തിക്കുന്നുണ്ട്.

ശ്രിലങ്ക, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരും എത്തും. ജനറൽ ബിപിൻ റാവത്തിന്റെ മക്കൾ അടക്കമുള്ള കുടുംബാംഗങ്ങളും വിമാനത്താവളത്തിലെത്തിച്ചേർന്നിരുന്നു.

ജനറൽ ബിപിൻ റാവത്തിന്റയും ഭാര്യയുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിനും വിലാപയാത്രയ്ക്കും ശേഷം സൈനിക ബഹുമതികളോടെ നാളെ വൈകിട്ട് സംസ്‌കരിക്കുമെന്നാണ് നിലവിൽ അറിച്ചിട്ടുള്ളത്. അതിനിടെ, ജനറൽ ബിപിൻ റാവത്തിന്റെ മക്കളെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി സന്ദർശിച്ചു.

വെള്ളിയാഴ്ച രാവിലെ 11.30 മുതൽ 12.30 വരെ ജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കാം. 12.30 മുതൽ 1.30 വരെ സൈനികർക്ക് അന്തിമോപചാരത്തിന് അവസരം. ബിപിൻ റാവത്തിന്റെ മൃതദേഹം അദ്ദേഹത്തിന്റെ വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. ബ്രിഗേഡിയർ എൽ.എസ്.ലിഡ്ഡറിന്റെ സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ഡൽഹിയിൽ നടക്കും.

വെല്ലിങ്ടണിൽ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മറ്റു സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. തമിഴ്‌നാട് ഗവർണർ ആർ.എൻ.രവി, മറ്റു സൈനിക ഉദ്യോഗസ്ഥർ, ജില്ലാ ഭരണാധികാരികൾ എന്നിവരും പങ്കെടുത്തു.

ബിപിൻ റാവത്ത്, ഭാര്യ മധുലിക, ബ്രിഗേഡിയർ എൽ.എസ്.ലിഡ്ഡർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, ഹവിൽദാർ സത്പാൽ, നായികുമാരായ ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായികുമാരായ വിവേക് കുമാർ, ബി.സായ് തേജ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു.

ഇവർ സഞ്ചരിച്ചിരുന്ന മി 17 വി 5 എന്ന ഹെലികോപ്റ്റർ ഇന്നലെ ഉച്ചയ്ക്ക് 12.20ന് ഊട്ടിക്കു സമീപം കൂനൂരിലെ വനമേഖലയിൽ തകർന്നു വീഴുകയായിരുന്നു. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനടുത്തുള്ള സുലൂരിലെ സൈനിക താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് തകർന്നുവീണത്. ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് സ്ഥിതി ചെയ്യുന്ന വെല്ലിങ്ടണിലേക്കായിരുന്നു യാത്ര.

ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടന്മാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഇതിൽ 13 പേരും മരിച്ചപ്പോൾ പരിക്കുകളോടെ രക്ഷപ്പെടാനായത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന് മാത്രമാണ്.