തുസമയവും ഉക്രെയിനിനെ ആക്രമിക്കും എന്ന സാഹചര്യത്തിൽ ഇന്നലെ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ ഉക്രെയിൻ പ്രസിഡണ്ട് വൊളോഡിമിർ സെലെൻസ്‌കിയുമായി 90 മിനിറ്റ് നേരം ഫോൺ സംഭാഷണം നടത്തി. തികച്ചും സൗഹാർദ്ദപരമായ സംഭാഷണം എന്ന് വൈറ്റ്ഹൗസിലെ മുതിർന്ന ഉദ്യോഗസ്ഥർ വിശേഷിപ്പിച്ച സംഭാഷണത്തിനിടയിൽ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിന് ചില ഇളവുകൾ നൽകാൻ ബൈഡൻ തയ്യാറായി എന്ന വാർത്ത പക്ഷെ ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞു.

റഷ്യൻ പിന്തുണയുള്ള വിമതരുടെ കൈവശമിരിക്കുന്ന ഉക്രെയിനിന്റെ മണ്ണിൽ സ്വയംഭരണാവകാശം നൽകണമെന്ന് ബൈഡൻ സെലെൻസ്‌കിയോട് ആവശ്യപ്പെട്ടതായി നേരത്തേ അസ്സോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഒരു പ്രത്യക്ഷ സംഘർഷം ഒഴിവാക്കാനുള്ള നടപടി എന്ന നിലയിലാണ് ബൈഡൻ ഈ നിർദ്ദേശം മുന്നോട്ട് വച്ചതെന്നും റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, അത്തരത്തിലൊരു നിർദ്ദേശവും ബൈഡൻ മുൻപോട്ട് വെച്ചിട്ടില്ലെന്നാണ് വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചത്.

അമേരിക്കൻ നയങ്ങളിൽ ഉറച്ചുനിന്നാണ് ബൈഡൻ സംസാരിച്ചത് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഒരു രാജ്യത്തിന് മറ്റൊരു രാജ്യത്തിന്റെ അതിർത്തി മാറ്റി വരയ്ക്കാൻ നിർബന്ധിക്കുവാൻ യാതൊരു അവകാശവുമില്ലെന്ന് ബൈഡൻ വ്യക്തമാക്കിയതായും അവർ പറഞ്ഞു. അതുപോലെ ഒരു രാജ്യത്തിനും മറ്റൊരു രാജ്യത്തിന്റെ രാഷ്ട്രീയ നയങ്ങൾ മാറ്റുവാൻ ആവശ്യപ്പെടുവാനും അധികാരമില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു. ഉക്രെയിൻ അതിർത്തിയിലെ റഷ്യയുടെ സൈനിക വിന്യാസത്തെ കുറിച്ചുള്ള അമേരിക്കയുടെ ആശങ്ക ബൈഡൻ സെലെൻസികിയെ അറിയിച്ചതായും വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു.

അതിനുപുറമേ, റഷ്യ ഉക്രെയിൻ ആക്രമിച്ചാൽ അമേരിക്കയും സഖ്യകക്ഷികളും സാമ്പത്തിക ഉപരോധവും മറ്റു നടപടികളുമായി ശക്തമായി രംഗത്തിറങ്ങുമെന്ന ഉറപ്പും ബൈഡൻ നൽകിയതായി അവർ അറിയിച്ചു. ഉക്രെയിനിന്റെ സർവ്വാധികാരത്തെ അമേരിക്ക മാനിക്കുന്നതായും ബൈഡൻ പറഞ്ഞു. ഉക്രെയിൻ ഇല്ലാതെ ഉക്രെയിനെ കുറിച്ചുള്ള ചർച്ചകളോ തീരുമാനങ്ങളോ സാധ്യമല്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അമേരിക്കയും സഖ്യകക്ഷികളുമെന്നും ബൈഡൻ അറിയിച്ചതായി വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു.

അമേരിക്കയുടെ സഖ്യരാജ്യങ്ങളായ നാറ്റോ അംഗരാജ്യങ്ങളുമായി നടത്തിയ മറ്റൊരു സംഭാഷണത്തിൽ പ്രതിസന്ധി പ്രതിരോധത്തിലൂടെയും ചർച്ചകളിലൂടെയും പരിഹരിക്കുന്നതിനെ കുറിച്ചും ബൈഡൻ വിശദമായി സംസാരിച്ചു. വൈറ്റ്ഹൗസിൽ നടക്കുന്ന പ്രതിദിന പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് വൈറ്റ്ഹൗസ് പ്രസ്സ് സെക്രട്ടറി ജെൻ പ്സാക്കി, ബൈഡൻ റഷ്യയ്ക്ക് വഴങ്ങുന്നു എന്ന റിപ്പോർട്ട് നിഷേധിച്ചത്. അത് പൂർണ്ണമായും തെറ്റാണെന്നും അമേരിക്ക എന്നും ഉക്രെയിനിന് പിന്തുണ നൽകുമെന്നും അവർ പറഞ്ഞു.