മിക്രോൺ ബാധയിൽ വലയുന്ന സൗത്ത് ആഫ്രിക്കയിലെ കോവിഡ് കണക്കുകൾ അഞ്ചു മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22,391 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചത്തെ കണക്കുകളുടെ ഇരട്ടിയാണ് ഈ ഒരാഴ്ച പിന്നിടുമ്പോൾ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് രാജ്യത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസസ് വ്യക്തമാക്കുന്നു. ദിവസേന ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ 65 ശതമാനം വർദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് ബാധിച്ചതിനെ തുടർന്ന് ഇന്നലെ 453 പേരെയാണ് വാർഡുകളിൽ അഡ്മറ്റ് ചെയ്തത്. അതേസമയം ഓമിക്രോൺ വകഭേദത്തിന് വ്യാപന തോത് കൂടുതലാണെങ്കിലും തീവ്രത കുറവാണെന്നതാണ് സൗത്ത് ആഫ്രിക്കയ്ക്ക് ആശ്വാസമായിരിക്കുന്നത്. അതേസമയം ഡെൽറ്റാ വേവ് റിപ്പോർട്ട് ചെയ്തിരുന്ന കാലത്തേക്കാൾ ഐസിയുവിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ 60 ശതമാനം കുറവും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ 70 ശതമാനം കുറവും ഉണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

ആഴ്ചയിലെ കോവിഡ് മരണ കണക്കുകളിലും പകുതിയോളം കുറവ് രേഖപ്പെടുത്തുന്നുണ്ട്. ഇന്നലെ 22 മരണമാണ് രേഖപ്പെടുത്തിയത്. ഒമിക്രോണിന്റെ എപ്പിസെന്ററായ ഗാൺടാങിൽ രോഗബാധിതരുടെ എണ്ണത്തിൽ 43 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.അതേസമയം ഓമിക്രോൺ പടർന്ന് പിടിക്കാൻ തുടങ്ങിയതോടെ മാസ്‌ക് നിർബന്ധമാക്കിയും പൊതുയിടങ്ങളിൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയും നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുകയാണ് ബ്രിട്ടൻ.