- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തളിപ്പറമ്പ്: ഭക്ഷ്യ വിഷബാധയേറ്റ് കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ ആശുപത്രിയിൽ. പരിയാരം പഞ്ചായത്ത് നെല്ലിപ്പറമ്പിലെ പി.സി. അസൈനാറും കുടുംബവുമാണ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. പുഷ്പഗിരിയിൽ നിന്ന് വാങ്ങിയ മത്സ്യം കറിവെച്ച് കഴിച്ചതിൽ നിന്നാണ് ഇൻഫെക്ഷൻ ഉണ്ടായതെന്നാണ് വീട്ടുകാർ പറയുന്നത്.
പുഷ്പഗിരിയിൽ റോഡരികിൽ വില്പന നടത്തുന്നയാളിൽ നിന്നും അസൈനാർ കൊയല മത്സ്യം വാങ്ങി കറി വെച്ച് കഴിക്കുകയുമായിരുന്നത്രെ. ഉച്ചയോടെ ആദ്യം ഇത് കഴിച്ച ഒന്നരവയസുള്ള കുട്ടിയടക്കം ഛർദിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. വൈകുന്നേരത്തോടെ കുടുംബത്തിലെ 5 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അസൈനാർ, ഭാര്യ സഫിയ, മകൾ സഫൂറ ഇവരുടെ മക്കളായ ഒന്നര വയസുകാരൻ മുസ്തഫ, എട്ടുവയസുകാരി മിൻഹ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ ഭക്ഷ്യ വിഷബാധയേറ്റതാണെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും ഇതുപോലെ മത്സ്യ വിപണനം നടത്തുന്നവരിൽ പരിശോധന നടത്തണമെന്നും അധികൃതർക്ക് പരാതി നൽകിയതായും കുടുംബം പറഞ്ഞു. പരിയാരം പഞ്ചായത്തിലെ ആരോഗ്യവിഭാഗം അധികൃതർ ഇവരുടെ വീട് സന്ദർശിച്ച് പരിശോധന നടത്തി. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ