തിരുവനന്തപുരം: ഗവർണറുടെ കത്ത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രതികരിച്ചു. ഭരണഘടനാ പദവിയോട് സർക്കാർ കാട്ടുന്ന സമീപനത്തോടുള്ള പ്രതികരണമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു. അതിനിടെ മുഖ്യമന്ത്രിക്കയച്ച കത്തിലെ പരാമർശങ്ങൾക്ക് വിശദീകരണം നൽകാൻ ചീഫ് സെക്രട്ടറി രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. എന്നാൽ അനുനയ നീക്കത്തിന് ഗവർണർ വഴങ്ങിയില്ലെന്നാണ് വിവരം.

സംസ്ഥാനത്തെ സർവകലാശാലകളിലെ രാഷ്ട്രീയ ഇടപെടലുകളിൽ അസാധാരണ പ്രതിഷേധവുമായാണ് ഗവർണർ രംഗത്തു വന്നത്. ചാൻസലർ പദവി ഒഴിയാൻ തയാറാണെന്ന് ഗവർണർ മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചു. സർവകലാശാലാ നിയമനങ്ങളിലുള്ള അതൃപ്തിയെ തുടർന്നാണ് ഗവർണർ കടുത്ത പ്രതിഷേധം വെളിപ്പെടുത്തിയത്. സർവകലാശാലകളുടെ പ്രവർത്തനത്തിൽ അപ്പാടെ രാഷ്ട്രീയ കടന്നുകയറ്റമാണെന്ന വിമർശനവും ഗവർണറുടെ കത്തിലുണ്ട്.