പേരാമ്പ്ര: അപ്രതീക്ഷിതമായി ഭർത്താവ് മരിച്ചതിന്റെ വേദനയിൽ കഴിഞ്ഞ വീട്ടമ്മ മക്കൾക്കൊപ്പം ആത്മഹത്യ ചെയ്തു. മുളിയങ്ങലിലെ നടുക്കണ്ടി പ്രകാശന്റെ ഭാര്യ പ്രിയ (32) ആണ് മക്കളായ പുണ്യ തീർത്ഥ (13) നിവേദ്യ (4) എന്നിവർക്കൊപ്പം തീ കൊളുത്തി മരിച്ചത്. പ്രകാശൻ കഴിഞ്ഞ ജനുവരി നാലിന് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചിരുന്നു. അന്നു മുതൽ തീരാ വേദനയിലായിരുന്നു പ്രിയയും മക്കളും.

ഇന്നലെ പുലർച്ചെയാണ് പ്രിയയെയും കുട്ടികളെയും പൊള്ളലേറ്റ നിലയിൽ കണ്ടത്. മക്കൾക്ക് തീ കൊളുത്തി പ്രിയയും ആത്മഹത്യ ചെയ്യുകയായിരുന്നു. കുട്ടികൾ രണ്ടു പേരും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പ്രിയയെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുണ്യ തീർത്ഥ നൊച്ചാട് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ്. നടുവണ്ണൂർ കാവുന്തറ റോഡിൽ തിരുപ്പുറത്ത് നാരായണൻ നായരുടെയും മീനാക്ഷി അമ്മയുടെയും മകളാണ് പ്രിയ. സഹോദരങ്ങൾ വിജയ, ഉഷ, ജയ, ബിജിലേഷ്.