- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓമിക്രോൺ ആഞ്ഞുവീശി ലണ്ടൻ നഗരം; ആകെ കോവിഡ് രോഗികളിൽ 30 ശതമാനവും ഓമിക്രോൺ ബാധിതർ; സ്കോട്ട്ലാൻഡിലും സുനാമിപോലെ പടർന്ന് പിടിച്ച് ഓമിക്രോൺ; പുതിയ വകഭേദം ബ്രിട്ടനെ വിഴുങ്ങുമ്പോൾ
അതീവ രഹസ്യമായി മന്ത്രിമാർക്ക് കൈമാറിയ രേഖകൾ പ്രകാരം ലണ്ടനിലെ കോവിഡ് രോഗികളിൽ 30 ശതമാനം പേരെയും ബാധിച്ചിരിക്കുന്നത് ഓമിക്രോൺ ആണെന്ന് ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നു. ബ്രിട്ടൻ അഭിമുഖീകരിക്കുന്ന പുതിയ കോവിഡ് പ്രതിസന്ധിയുടെ ആഴവും പരപ്പും വ്യക്തമാക്കുന്ന ഈ റിപ്പോർട്ട്, ക്രിസ്ത്മസ്സിനു മുൻപായി കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് രാജ്യം നീങ്ങുമോ എന്ന ആശങ്കയും ഉണർത്തുന്നു. അടുത്ത നടപടി എന്തെന്ന് ആലോചിക്കുവാൻ ഇന്നലെ ഉന്നതതലസമിതി യോഗം ചേർന്നതായും റിപ്പോർട്ടുകൾ ഉണ്ട്.
ഇന്നലെ നടന്ന വെർച്വൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച കമ്മ്യുണിറ്റി സെക്രട്ടറി പറഞ്ഞത് നിലവിലെ സാഹചര്യം അതീവ ഗൗരവമുള്ളതാണെന്നാണ്. ലണ്ടനും സ്‌കോട്ട്ലാൻഡും ഹോട്ട്സ്പോട്ടുകളായി മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കഴിഞ്ഞദിവസമാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ സമിതി യോഗത്തിൽ ഹാജരാക്കിയ കണക്കുകൾ കാണിക്കുന്നത് വരുന്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ ഓമിക്രോൺ രാജ്യത്തെ പ്രധാന വൈറസ് വകഭേദമായി മാറുമെന്നാണ്. അങ്ങനെ വന്നാൽ, വീണ്ടും രാജ്യം അടച്ചിടാതെമറ്റൊരു വഴിയും ബോറിസ് ജോൺസന്റെ മുൻപിലുണ്ടാകില്ല.
ആവശ്യം വരില്ലെന്ന് കരുതി മാറ്റിവെച്ച പ്ലാൻ ബി ഇപ്പോൾ തന്നെ നടപ്പിലാക്കി കഴിഞ്ഞു. രണ്ടാം തരംഗത്തെ മൂർദ്ധന്യഘട്ടത്തിൽ നടപ്പിലാക്കിയ, അക്ഷരാർത്ഥത്തിൽ തന്നെ ക്രിസ്ത്മസ്സ് ആഘോഷങ്ങൾ ഇല്ലാതാക്കിയ, കഴിഞ്ഞവർഷത്തേതുപോലുള്ള കടുത്ത നിയന്ത്രണങ്ങൾ വീണ്ടും നിലവിൽ വരുമോ എന്ന സംശയത്തിന് ശക്തിയേറുകയാണ്. തലസ്ഥാന നഗരത്തിന്റെ കാര്യം ഏറെ പരിതാപകരമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.കാട്ടുതീ പോലെ പടരുന്ന ഓമിക്രോൺ നഗരത്തിലെ 32 ബോറോ കൗൺസിലുകളിലും എത്തിയിരിക്കുന്നു. ചുരുക്കത്തിൽ ലണ്ടൻ നഗരത്തിന്റെ എല്ലാ മുക്കിലും മൂലയിലും ഓമിക്രോൺ എത്തിയിരിക്കുന്നു.
എന്നാൽ, രോഗവ്യാപന തോത് ഉയരുന്നതിനനുസരിച്ച് മരണനിരക്കും ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന രോഗികളുടെ എണ്ണവും വർദ്ധിക്കുന്നില്ല എന്നൊരു ആശ്വാസമുണ്ട്. രോഗം ബാധിച്ച് ആശുപത്രികളിലെത്തുവാനും മരണം സംഭവിക്കുവാനും ദിവസങ്ങൾ എടുക്കുമെന്നതിനാൽ, വരും ദിവസങ്ങളിൽ ഇവയും ഉയരുമെന്നാണ് ഈ വിഷയത്തിലെ ചില വിദഗ്ദർ പറയുന്നത്. സ്‌കോട്ട്ലാൻഡാണ് ബ്രിട്ടനിലെ മറ്റൊരു ഓമിക്രോൺ ഹോട്ട്സ്പോട്ട്. ഓമിക്രോൺ സുനാമി ആഞ്ഞടിച്ചതോടെ സെൽഫ് ഐസൊലേഷൻ നിയമങ്ങൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ് നിക്കോള സ്റ്റർജൻ.
ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ, ആ കുടുംബത്തിലെ മുഴുവൻ അംഗങ്ങളും പുതിയ നിയമപ്രകാരം സെൽഫ് ഐസൊലേഷനിൽ പോകേണ്ടതായി വരും. അംഗരാജ്യങ്ങളിലെ ഫസ്റ്റ് മിനിസ്റ്റർമാരുമായി നടത്തിയ ഉന്നതതലയോഗത്തിൽ ഏറ്റവും ഒടുവിലത്തെ സ്ഥിതിവിവരം എല്ലാവരേയും അറിയിച്ചതായി കമ്യുണിറ്റി സെക്രട്ടറി മൈക്കൽ ഗ്രോവ് അറിയിച്ചു.ജനുവരി 9 ന് ശേഷം ഏറ്റവും അധികം പുതിയ രോഗികളെ കണ്ടെത്തിയത് ഇന്നലെയായിരുന്നു എന്ന് പറഞ്ഞ അദ്ദേഹം ഓമിക്രോൺ വ്യാപനം രണ്ടോമൂന്നോ ദിവസം കൂടുമ്പോൾ ഇരട്ടിയാവുകയാണെന്നും പറഞ്ഞു.
വെറും രണ്ടാഴ്‌ച്ച മുൻപ് മാത്രമായിരുന്നു ബ്രിട്ടനിൽ ഓമിക്രോണിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. രണ്ടാഴ്‌ച്ചകൊണ്ട് മൊത്തം കോവിഡ് രോഗികളിൽ 30 ശതമാനവും ഓമിക്രോൺ ബാധിതരാകുന്നതരത്തിൽ ഇത് പടർന്നു കഴിഞ്ഞിരിക്കുന്നു എന്നും ഗ്രോവ് ചൂണ്ടിക്കാട്ടി. ഔദ്യോഗിക കണക്കനുസരിച്ച് ഇന്നലെ 448 പേർക്ക് കൂടി ഓമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മൊത്തം ഓമിക്രോൺ ബാധിതരുടെ എണ്ണം 1200 ആയി. എന്നാൽ ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തന്നെ പറയുന്നത് യഥാർത്ഥ ഓമിക്രോൺ ബാധിതരുടെ എണ്ണം ഇതിന്റെ 20 മടങ്ങോളം വരുമെന്നാണ്.
ഇന്നലെ 58,194 പേർക്കാണ് ബ്രിട്ടനിൽ പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്‌ച്ചയിലെ കണക്കുമായി താരതമ്യംചെയ്യുമ്പോൾ 15 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. മരണനിരക്കിൽ 1 ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണഥ്റ്റിൽ 6 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. അതേസമയം ഇന്നലെ പുറത്തുവിട്ട ഒരു പഠന റിപ്പോർട്ട് സ്ഥിരീകരിക്കുന്നത് ബൂസ്റ്റർ ഡോസിന് പുതിയ വകഭേദത്തെ തടയുവാൻ 70 മുതൽ 75 ശതമാനം വരെ കാര്യക്ഷമതയുണ്ടേന്നാണ്.
ലണ്ടനൊപ്പം ഓമിക്രോണിന്റെ ഹോട്ട്സ്പോട്ടായി മാറിയ സ്‌കോട്ട്ലാൻഡിൽ നിലവിലുള്ള കോവിഡ് രോഗികളിൽ 13.3 ശതമാനം പേരും ഓമിക്രോൺ ബാധിതരാണ് വരുന്ന ചൊവ്വാഴ്‌ച്ചയോടെ ഏറ്റവുമധികം വ്യാപിച്ച വകഭേദമായി ഡെൽറ്റയെ പുറന്തള്ളി ഓമിക്രോൺ എത്തുമെന്നാണ് സ്‌കോട്ടിഷ് സർക്കാർ കണക്കുകൂട്ടുന്നത്. ഡിസംബർ 20 ആകുമ്പോഴേക്കും രോഗികളിൽ 90 ശതമാനം പേരിലും ഓമിക്രോണിന്റെ സാന്നിദ്ധ്യം ഉണ്ടാകുമെന്നും ഇവർ വിലയിരുത്തുന്നു. ഇതോടെ സെൽഫ് ഐസൊലേഷൻ നിയമങ്ങൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണിവിടെ.