- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളികളിലെ പ്രതിഷേധം ഒഴിവാക്കിയത് വിവാദങ്ങൾ കണക്കിലെടുത്ത്; അതിന് തന്നെ ജൂദാസെന്ന് വിളിച്ചു; ഒറ്റപ്പെടുത്തി; തുറന്നു പറഞ്ഞ് ജിഫ്രി മുത്തുക്കോയ തങ്ങൾ
കോഴിക്കോട്: വഖഫ് ബോർഡുമായി ബന്ധപ്പെട്ട് പള്ളികളിൽ പ്രതിഷേധം സംഘടിപ്പിക്കേണ്ട എന്നത് തന്റെ തീരുമാനമാണെന്ന പേരിൽ പലരും ഒറ്റപ്പെടുത്താൻ ശ്രമിച്ചതായി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ.പ്രതിഷേധം സംഘടിപ്പിക്കില്ലെന്നുള്ള തീരുമാനം തന്റേത് മാത്രമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ചിലർ ആശയക്കുഴപ്പമുണ്ടാക്കാനാണ് ശ്രമിച്ചത്. താൻ ജൂദാസാണെന്ന് പറഞ്ഞു. ഇതിന് മുമ്പ് ശംസുൽ ഉലമയേയും ഇത്തരത്തിൽ അധിക്ഷേപിക്കാൻ ശ്രമിച്ചിരുന്നു. അദ്ദേഹത്തെ അണ്ടനെന്നും അടകോടനെന്നു വരെ പലരും വിളിച്ചിരുന്നു. പ്രതിഷേധം സംഘടിപ്പിക്കില്ല എന്നു പറഞ്ഞതിന് പിന്നാലെ തനിക്കെതിരെ അപവാദ പ്രചാരണങ്ങൾ നടത്തിയെന്നും എന്നാൽ ഇപ്പോൾ താൻ പറഞ്ഞതാണ് ശരിയെന്ന് എല്ലാവർക്കും മനസിലായെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ജമഅത്തുകാരും മുജാഹിദുമെല്ലാം വഖഫ് വിഷയം പള്ളിയിൽ പറയെമെന്ന് പറഞ്ഞിരുന്നുവെന്നും എന്നാൽ കോർഡിനേഷൻ കമ്മിറ്റിയിൽ അങ്ങനൊരു തീരുമാനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ട വിഷയത്തിൽ സംഘടനയിൽ ആശയക്കുഴപ്പമില്ലെന്നും, മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ നേരത്തെ പറഞ്ഞിരുന്നു.
വിവാദങ്ങൾ കണക്കിലെടുത്താണ് പള്ളികളിലെ പ്രതിഷേധം ഒഴിവാക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നുമാണ് സമസ്ത പറഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് കോഴിക്കോട് വഖഫ് സംരക്ഷണ റാലി സംഘടിപ്പിച്ചിരുന്നു. പരിപാടിക്കിടെ ലീഗ് നേതാക്കൾ മുഖ്യമന്ത്രിയെ ജാതീയമായി അധിക്ഷേപിക്കുകയും മന്ത്രി മുഹമ്മദ് റിയാസിനെതിരെ വിദ്വേഷപരാമർശം നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ റാലിയിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിന് മുസ്ലിം ലീഗ് നേതാക്കൾ ഉൾപ്പെടെ കണ്ടാലറിയുന്ന 10,000 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
അനുമതിയില്ലാതെ ജാഥ നടത്തി, ഗതാഗതം തടസപ്പെടുത്തി, തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ നവംബർ 9 നാണ് സംസ്ഥാനത്തെ വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ തീരുമാനമായത്. ഇത് സംബന്ധിച്ചുള്ള ബിൽ നിയമസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്.
വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ ലീഗിന്റെ നേതൃത്വത്തിൽ മതസംഘടനകൾ യോഗം ചേർന്നിരുന്നു. എന്നാൽ യോഗത്തിൽ നിന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന കേരള മുസ്ലിം ജമാഅത്തും എം.ഇ.എസും വിട്ടുനിന്നു. ഇതിന് ശേഷം പള്ളികളിൽ സർക്കാരിനെതിരെ പ്രചരണം നടത്തണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ നിർദ്ദേശം തള്ളിയ സമസ്ത, വിഷയത്തിൽ സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറാവുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ