ന്യൂഡൽഹി: ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ബിപിൻ റാവത്തിന്റെയും ഭാര്യ മധുലികയുടെയും ചിതാഭസ്മം മക്കൾ ഹരിദ്വാറിൽ ഗംഗാ നദിയിൽ നിമജ്ഞനം ചെയ്തു. ഡൽഹിയിലെ ബ്രാർ സ്‌ക്വയർ ശ്മശാനത്തിൽനിന്ന് ശനിയാഴ്ച രാവിലെ ചിതാഭസ്മം ശേഖരിച്ചിരുന്നു.

ആചാരങ്ങളുടെ ഭാഗമായാണ് മക്കളായ കൃതികയും താരിണിയും ചേർന്ന് മാതാപിതാക്കളുട ചിതാഭസ്മം ഹരിദ്വാറിൽ നിമജ്ഞനം ചെയ്തത്. അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ ഉത്തരാഖണ്ഡിലെ പഞ്ച് പ്രയാഗിലും ചിതാഭസ്മം നിമജ്ഞനം ചെയ്യും.

റാവത്തിന്റെ മക്കളായ കൃതികയും തരിണിയുമാണ് മരണാനന്തര ചടങ്ങുകൾ ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് റാവത്തിന്റെയും ഭാര്യ മധുലികയുടെയും സംസ്‌കാരം ബ്രാർ സ്‌ക്വയറിൽ ഒരേ ചിതയിൽ നടത്തിയത്.

ഊട്ടിയിലെ കൂനൂറിൽ ഹെലികോപ്ടർ അപകടത്തിൽ മരിച്ച ജനറൽ ബിപിൻ റാവത്തിന്റേയും ഭാര്യയുടേയും ഭൗതികദേഹങ്ങൾ ഇന്നലെ വൈകിട്ടാണ് ഡൽഹിയിൽ എത്തിച്ചത്. ഡൽഹി ബ്രാർ സ്‌ക്വയറിൽ നിന്നും ശ്മശാനത്തിൽ നിന്നും ഇന്ന് രാവിലെ ശേഖരിച്ച ചിതാഭസ്മമാണ് ഹരിദ്വാറിൽ ഒഴിക്കിയത്. ഒരേചിതയിലാണ് ബിപിൻ റാവത്തിനേയും ഭാര്യ മധുലികയേയും അടക്കിയത്.

കഴിഞ്ഞ ദിവസം ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോഴായിരുന്നു 12 സൈനികർക്കൊപ്പം ഇരുവരും സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപെട്ടത്. നീലഗിരി കൂനൂരിലായിരുന്നു അപകടം. വ്യാഴാഴ്ച രാത്രിയോടെ ഡൽഹിയിൽ എത്തിച്ച ഭൗതിക ശരീരം സമ്പൂർണ സൈനിക ബഹുമതികളോടെയാണ് ഇന്നലെ സംസ്‌കരിച്ചത്.

എണ്ണൂറോളം സൈനികരാണ് സംസ്‌കാര ചടങ്ങുകളുടെ ഭാഗമായത്. ചടങ്ങുകൾ പ്രകാരം 17 ഗൺ സല്യൂട്ട് നൽകിക്കൊണ്ടായിരുന്നു റാവത്തിന്റെ സംസ്‌കാരച്ചടങ്ങുകൾ. ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ് രാജ്യങ്ങളിലെ സൈനിക കമാൻഡർമാർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, വിവിധ രാജ്യങ്ങളിലെ പ്രതിനിധികൾ, കേന്ദ്രമന്ത്രിമാർ തുടങ്ങിയവർ ബിപിൻ റാവത്തിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.