തൃശ്ശൂർ: കൂനൂർ ഹെലികോപ്ടർ അപകടത്തിൽ മരിച്ച മലയാളി ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന് വീരോചിതമായ യാത്രാമൊഴിയാണ് ജന്മനാട് നൽകിയത്. തൃശ്ശൂരിലെ പൊന്നൂക്കരയിലെ വീട്ടുവളപ്പിൽ സൈനിക ബഹുമതികളോടെ സംസ്‌കാര ചടങ്ങ് നടക്കുമ്പോൾ വിതുമ്പലടക്കി വലിയ ജനക്കൂട്ടം സാക്ഷിയായിരുന്നു.

സംസ്‌ക്കാരത്തിന് മുമ്പായി പ്രദീപിന്റെ യൂണിഫോം സേന കുടുംബത്തിന് കൈമാറി. പ്രിയപ്പെട്ടവന്റെ യൂണിഫോം നെഞ്ചോടു ചേർത്ത് നിൽക്കുന്ന ഭാര്യ ശ്രീലക്ഷ്മി നാടിന്റെ ഒന്നാകെ നോവായി മാറി. പ്രദീപിന്റെ മൃതദേഹത്തിൽ പുതപ്പിച്ച ദേശീയപതാകയും സേന ഭാര്യക്ക് നൽകി.

കേരള പൊലീസിന്റെ ഗാർഡ് ഓഫ് ഓണറിന് പിന്നാലെ വ്യോമസേന ഗാർഡ് ഓഫ് ഓണർ നൽകി ആദരം അർപ്പിച്ചതിന് ശേഷമാണ് സംസ്‌കാര ചടങ്ങുകൾ തുടങ്ങിയത്. പ്രദീപിന്റെ മകൻ ദക്ഷിണ ദേവാണ് അന്ത്യകർമ്മങ്ങൾ നടത്തിയത്. പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്‌കൂളിൽ ഒരു മണിക്കൂറോളം നീണ്ട പൊതുദർശനത്തിന് ശേഷമാണ് പ്രദീപിന്റെ ശരീരം വീട്ടിലേക്ക് കൊണ്ടുവന്നത്. പ്രദീപിന് ആദരാഞ്ജലികൾ അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് പുത്തൂരിലെ സ്‌കൂളിലെത്തിയത്.

തിരക്ക് നിയന്ത്രിക്കാൻ അധികൃതർക്ക് വളരെ പാടുപെടേണ്ടി വന്നു. ജോലിക്കായി നാട്ടിൽ നിന്ന് മാറി നിന്നപ്പോഴും കൂട്ടുകാരുമായി നല്ല ബന്ധം തുടർന്നിരുന്നു പ്രദീപ്. നാട്ടിലെ കലാ-കായിക പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നു. എന്നും നാടുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്ന പ്രദീപിനെ അവസാനമായി ഒരു നോക്ക് കാണാനായി നാട്ടുകാർ സ്‌കൂളിലേക്കും പ്രദീപിന്റെ വീട്ടിലേക്കും ഒഴുകിയെത്തി.

ശനിയാഴ്ച ഉച്ചയോടെ റോഡുമാർഗം കോയമ്പത്തൂരിൽനിന്ന് വാളയാറിലെത്തിച്ച മൃതദേഹം മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, കെ കൃഷ്ണൻകുട്ടി എന്നിവർ ചേർന്നാണ് ഏറ്റുവാങ്ങിയത്. തുടർന്ന് പ്രദീപ് പഠിച്ച പുത്തൂർ സർക്കാർ സ്‌കൂളിലേക്ക് മൃതദേഹം പോയി. കേന്ദ്രമന്ത്രി വി മുരളീധരൻ, മന്ത്രിമാരായ കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻകുട്ടി, കെ രാജൻ തുടങ്ങിയവർ സ്‌കൂളിലെത്തി മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു.

അവധി കഴിഞ്ഞ് ജോലി സ്ഥലത്ത് തിരിച്ചെത്തിയിട്ട് വെറും നാല് ദിവസം മാത്രം പിന്നിടുമ്പോഴാണ് പ്രദീപ് അപകടത്തിൽപ്പെടുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് മകന്റെ ജന്മദിനവും പിതാവിന്റെ ചികിത്സ ആവശ്യങ്ങൾക്കുമായി പ്രദീപ് നാട്ടിൽ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചതിന്റെ നാലാം ദിവസമാണ് അപകടമുണ്ടായത്. മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളും അടങ്ങുന്നതാണ് പ്രദീപ് അറക്കലിന്റെ കുടുംബം. അച്ഛൻ രാധാകൃഷ്ണൻ, അമ്മ കുമാരി. ശ്രീലക്ഷ്മിയാണ് ഭാര്യ. ദക്ഷിൺദേവ്സ, ദേവ പ്രയാഗ് എന്നിവരാണ് മക്കൾ. അച്ഛൻ രോഗിയായതിനാൽ വിവരം അറിയിച്ചിരുന്നില്ല. ഇന്നാണ് മരണ വിവരം അച്ഛനെ അറിയിച്ചത്.

പുത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു പൂർത്തിയാക്കിയതിന് ശേഷം 2002-ലാണ് പ്രദീപ് വായുസേനയിൽ ചേർന്നത്. വെപ്പൺ ഫൈറ്റർ ആയാണ് ആദ്യനിയമനം. പിന്നീട് എയർ ക്രൂവായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ ഉടനീളം പ്രദീപ് സേവനം അനുഷ്ഠിച്ചിട്ടുണ്ട്. രാധാകൃഷ്ണൻ, കുമാരി എന്നിവരാണ് മാതാപിതാക്കൾ. ശ്രീലക്ഷ്മിയാണ് ഭാര്യ. മക്കൾ: ദക്ഷിൺദേവ്, ദേവപ്രയാഗ.