സ്വിറ്റ്‌സർലാൻഡിലെ പ്രവാസി ഭാരതീയരുടെ ഏറ്റവും വലിയ സംഘടനയാണ് കേളി. 1998 ൽ ആരംഭിച്ച കലാ സാമൂഹ്യ സാംസ്‌കാരിക സംഘടനയിൽ രണ്ട് വർഷം കൂടുമ്പോഴാണ് തെരെഞ്ഞെടുപ്പ് നടക്കുന്നത്. കലയും, കാരുണ്യവും സംയോജിപ്പിച്ച് സാമുഹ്യസേവനം പ്രധാന ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കേളി, ആരംഭം മുതൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുന്നു. രണ്ടര പതിറ്റാണ്ടിനിടയിൽ കോടികളുടെ കാരുണ്യ സേവനമാണ് കേരളത്തിനായി കേളി ചെയ്തത്.

2021 ഡിസംബർ 4 ന് പ്രസിഡന്റ് വെളിയത്തിന്റെ അധ്യക്ഷതയിൽ സൂറിച്ചിലെ ഹിർഷൻ ഹാളിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി ിനു വാളിപ്ലാക്കൽ കഴിഞ്ഞ രണ്ട് വർഷത്തെ വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ട്രഷറർ കൊട്ടാരത്തിൽ സാമ്പത്തിക റിപ്പോർട്ടു അവതരിപ്പിച്ചു. കോവിഡ് മഹാമാരിക്കിടയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ചെയ്യുവാൻ സംഘടനയ്ക്ക് സാധിച്ചതായി യോഗം ഒന്നടങ്കം വിലയിരുത്തി.

കേളിയുടെ അഭിമാന പ്രോജക്റ്റ് Kinder 4 Kinder സമാഹരിച്ച തുകയിൽ നിന്നും 2021 ൽ 46,000 സ്വിസ്സ് ഫ്രാങ്ക് കേരളത്തിലെ കുട്ടികളുടെ ഉന്നമനത്തിനായി ചെലവഴിച്ചതായി K4K ചെയർ പേഴ്സൺ കുമാരി ഷെറിൻ പറങ്കിമാലിൽ തയ്യാറാക്കിയ വാർഷിക റിപ്പോർട്ടിൽ പറയുന്നു.

സ്വിറ്റ്സർലൻഡിൽ കലാസംസ്‌കാരിക സേവനരംഗത്തു ഏറ്റവും കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റിയ പ്രമുഖ സംഘടനയായ കേളി സിൽവൽ ജൂബിലി ആഘോഷിക്കുവാൻ തയ്യാറെടുക്കുമ്പോൾ സംഘടനയെ പുതിയ യുഗത്തിലേയ്ക്ക് നയിക്കുവാൻ നവ നേതൃത്വം ചുമതലയേറ്റു. 2023 ൽ സ്വിസ്സ് മണ്ണിൽ കാൽ നൂറ്റാണ്ട് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ സംഘടനയായ കേളിയെ നയിക്കാൻ സ്വിസ്സ് സംഘടനാ പ്രവർത്തന രംഗത്ത് പ്രാവീണ്യം തെളിയിച്ച മികച്ച സംഘാടകനായ റ്റോമി വിരുത്തിയേലിനെ പ്രസിഡന്റായും, സെക്രട്ടറിയായി ബിനു വാളിപ്ലാക്കൽ, ട്രഷറായി ബിജു ഊക്കൻ, വൈസ് പ്രഡിഡന്റായി കുളങ്ങര, ജോയിന്റ് സെക്രട്ടറിയായി സേവ്യർ, P.R.O.ആയി വെള്ളൂക്കുന്നേൽ, പ്രോഗ്രാം ഓർഗനൈസറായി ജോൺസൻ അബ്രാഹം,ആർട്‌സ് സെക്രട്ടറിയായി ബേബി ചാലക്കൽ, സോഷ്യൽ സർവീസ് കോർഡിനേറ്ററായി പയസ് പാലത്രകടവിൽ എന്നിവരേയുംഎക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് ജെനി മുണ്ടിയാനി, ജോൺ താമരശ്ശേരിൽ, കോയിത്തറ, അനീഷ് മുണ്ടിയാനി, നികസൺ നിലവൂർ, സുജീഷ്‌സുരേന്ദ്രൻ എന്നിവരേയും പൊതുയോഗം ഐകകണ്‌ഠേന തെരെഞ്ഞെടുത്തു.

മനുഷ്യർ പരസ്പരം ദയാവായ്‌പോടും കാരുണ്യത്തോടും കൂടി സഹവർത്തിക്കുമ്പോഴാണ് സമൂഹവും സംസ്‌കാരവും പൂർണ്ണത പ്രാപിക്കുന്നത്. പരിമിതിയുടേയും പരാധീനതയുടേയും നടുക്കടലിൽ മുങ്ങിക്കൊണ്ടിരിക്കുന്ന ഈ മഹാമാരി കാലഘട്ടത്തിൽ മുൻ കാലങ്ങളിലേതുപോലെ തന്നെ കേളിയുടെ സഹായം എത്തിക്കേണ്ടവരിൽ നേരിട്ട് എത്തിക്കുമെന്ന് റ്റാമി വിരുത്തിയേൽ പ്രസ്താവിച്ചു.കേളിയുടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് കേളിയെ ഉയരങ്ങളിലേക്ക് നയിക്കുവാൻ പുതിയ കമ്മറ്റിക്ക് സാധിക്കട്ടെയെന്നു മുൻ പ്രസിഡന്റ് ജോസ്‌വെളിയത്തു ആശംസിച്ചു.