- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമപുരം കുടിവെള്ള പദ്ധതിയും അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയും അട്ടിമറിക്കാൻ നീക്കം: മാണി സി കാപ്പൻ
പാലാ: പാലാ നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജൽ ജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആവിഷ്‌ക്കരിച്ച നിർദ്ദിഷ്ട രാമപുരം കുടിവെള്ളപദ്ധതിയും പാലാ നഗരത്തിൽ ജലക്ഷാമത്തിനു പരിഹാരം കാണാൻ ഉതകുന്ന അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയും അട്ടിമറിക്കാൻ നീക്കമുള്ളതായി മാണി സി കാപ്പൻ എം എൽ എ ആരോപിച്ചു. പാലാക്കാരുടെ കുടിവെള്ളം തടയുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരാണ് ഇതിനു പിന്നിലെന്ന് എം എൽ എ കുറ്റപ്പെടുത്തി. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ് അട്ടിമറിക്കാൻ നീക്കം നടത്തുന്നതെന്നും എം എൽ എ പറഞ്ഞു.
രണ്ടു വർഷം കൊണ്ടു പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട പദ്ധതിക്കു ഏഴുമാസം പിന്നിട്ടിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.
മുൻ മന്ത്രി പ്രൊഫ എൻ എം ജോസഫ് നീലൂർ കുടിവെള്ള പദ്ധതി എന്ന പേരിൽ വിഭാവനം ചെയ്തതാണ് ഈ പദ്ധതി. പിന്നീട് ഇതിന്റെ പേര് കെ എം മാണിയാണ് രാമപുരം കുടിവെള്ള പദ്ധതി എന്നാക്കി മാറ്റിയത്. പേര് മാറ്റിയതിൽ തനിക്കു പങ്കൊന്നുമില്ല. താൻ എം എൽ എ ആയ ശേഷമാണ് പദ്ധതി പുനഃജ്ജീവിപ്പിച്ചത്. ഇതു സംബന്ധിച്ചു ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തപ്പോൾ 17 ഘനയടി ജലമേ ഡാം അതോററ്റി നൽകുകയുള്ളൂവെന്നതിനാൽ പദ്ധതി പൂർണ്ണമാക്കാൻ കഴിയില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് അന്നത്തെ ജലവിഭവവകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ 50 ഘനയടി ജലം ഒഴുക്കിക്കളയുന്നതു ചൂണ്ടിക്കാട്ടി ഡാം അഥോറിറ്റി പദ്ധതിക്കാവശ്യമായ ജലം ലഭ്യമാക്കണമെന്ന് താൻ ആവശ്യമുന്നയിക്കുകയും തുടർന്നു 30 ഘനയടി ജലം ലഭ്യമാക്കാൻ തീരുമാനിക്കുകയുമായിരുന്നു.
പാലായിലെ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് സഹായകമായ ഈ പദ്ധതിക്കു കേന്ദ്ര ജൽജീവൻ മിഷൻ അംഗീകാരം നൽകുകയും ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. 560 കോടി രൂപയുടെ പദ്ധതിക്കു 280 കോടി കേന്ദ്ര സർക്കാർ സഹായമുണ്ട്. 25 ശതമാനം സർക്കാരും 15 ശതമാനം തദ്ദേശസ്വയംഭരണ സ്ഥാപനവും 10 ശതമാനം ഉപഭോക്തൃവിഹിതവുമാണ്. ഇതിനിടെ പദ്ധതിയുടെ പേരു മാറ്റണമെന്നാവശ്യപ്പെട്ടു കടനാട് പഞ്ചായത്ത് കമ്മിറ്റി രംഗത്തു വന്നു. പിന്നീട് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ നാലു പഞ്ചായത്തുകളെ ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർത്തി പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിവേദനം നൽകിയിരുന്നു. ഇതൊക്കെ പദ്ധതിയെ തകർക്കാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമായിരുന്നു. പദ്ധതിയുടെ പേര് താൻ മാറ്റിയിട്ടില്ല. ഏതു പേരിലായാലും പദ്ധതി നടക്കണമെന്നതാണ് തന്റെ ആവശ്യം. പാലാ മണ്ഡലത്തിനായി ആവിഷ്‌ക്കരിച്ച പദ്ധതിയിൽ അവസാന നിമിഷം പൂഞ്ഞാറിലെ ചില പഞ്ചായത്തുകളെ ഉൾപ്പെടുത്തണമെന്ന വാദം ഉന്നയിച്ചത് പദ്ധതിക്കു തുരങ്കം വയ്ക്കാനാണ്. കെ എം മാണിയുടെ കാലത്ത് ഈ ആവശ്യം ഉയർന്നിരുന്നില്ലെന്നതു എം എൽ എ ചൂണ്ടിക്കാട്ടി. പൂഞ്ഞാറിനായി മറ്റൊരു പദ്ധതി ആവിഷ്‌ക്കരിക്കുകയാണ് കരണീയമെന്ന് മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.
വർഷങ്ങൾക്കു മുമ്പ് നിലച്ചുപോകുകയും താൻ പുനഃജ്ജീവിപ്പിക്കുകയും ചെയ്ത അരുണാപുരം റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയും അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്നു എം എൽ എ ആരോപിച്ചു. കെ എം മാണി ആവിഷ്‌ക്കരിച്ചതായിരുന്നു പദ്ധതി. സാങ്കേതിക പ്രശ്‌നത്തെത്തുടർന്നു കരാറുകാരൻ പണി നിറുത്തിയതോടെ പദ്ധതി നിലച്ചുപോയി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റിവേഴ്‌സ് എസ്റ്റിമേറ്റ് എടുപ്പിച്ചു 19.87 കോടി രൂപ അനുവദിപ്പിച്ചെങ്കിലും ഇപ്പോൾ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടുകിടക്കുകയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനകളുടെ ആസ്തിയിൽ മീനച്ചിലാറും തോടുകളും വീണ്ടെടുത്താൽ പാലായിലെ വെള്ളപ്പൊക്കം ഒഴിവാക്കാൻ സാധിക്കും. പലയിടത്തും മണ്ണിടിഞ്ഞു വീണും എക്കലും മണ്ണും നിറഞ്ഞും മറ്റും മീനച്ചിലാറിന്റെ വീതിയും ആഴവും കുറഞ്ഞു പോയതാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കൊല്ലപ്പള്ളി തോടിന്റെ ആസ്തി വീണ്ടെടുത്തപ്പോൾ കഴിഞ്ഞ രണ്ടു വർഷമായി കൊല്ലപ്പള്ളി ടൗണിൽ വെള്ളം കയറുന്നില്ല. ആദ്യം വെള്ളം കയറുന്ന സ്ഥലങ്ങളിലൊന്നായിരുന്നു കൊല്ലപ്പള്ളി. അരുണാപുരത്തെ റെഗുലേറ്റർ കം ബ്രിഡ്ജ് ഷട്ടറോടുകൂടിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആവശ്യത്തിലധികം വെള്ളം വന്നാൽ തുറന്നു വിടാൻ സാധിക്കും. മഴയില്ലാത്ത അവസരത്തിൽ വെള്ളം ആറ്റിൽ തടഞ്ഞു നിർത്തുന്നതിനാൽ സമീപത്തെ കിണറുകളിലും മറ്റും ജലസമൃദ്ധി നിലനിൽക്കുമെന്ന് എം എൽ എ ചൂണ്ടിക്കാട്ടി.
ജലവിഭവ വകുപ്പ് ഇക്കാര്യങ്ങളിൽ പാലായോട് ആത്മാർത്ഥത കാട്ടണം. അടിയന്തിരമായി ഈ പദ്ധതികൾ നടപ്പാക്കണം. രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ ജനങ്ങളുടെ ആവശ്യങ്ങൾ നിരാകരിക്കരുത്. നാടിന്റെ വികസനകാര്യത്തിൽ രാഷ്ട്രീയം കലർത്തുന്നതിനോട് ഒട്ടും യോജിപ്പില്ല. പാലായുടെ വികസനത്തിനായി ആരുമായും സഹകരിക്കാൻ തയ്യാറാണെന്ന് മാണി സി കാപ്പൻ വ്യക്തമാക്കി. ചെയ്യാത്ത കാര്യങ്ങളുടെ പേരിൽ അവകാശവാദത്തിന് താനില്ല. തെരഞ്ഞെടുപ്പിൽ മൂന്നു തവണ പരാജയപ്പെട്ടിട്ടുള്ള താൻ ഭരണമുന്നണിയുടെ ഭാഗമായിരുന്നപ്പോഴും പാലായുടെ വികസനം തടസ്സപ്പെടുത്താൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. അങ്ങനെ ആരും തന്നെ പഴിച്ചിട്ടില്ല. ജനപ്രതിനിധി എന്ന നിലയിൽ പാലായുടെ വികസനവും പാലാക്കാരുടെ ക്ഷേമവുമാണ് തന്നെ ലക്ഷ്യമെന്നും മാണി സി കാപ്പൻ പറഞ്ഞു. പാലാക്കാരുടെ കുടിവെള്ളം മുട്ടിക്കുന്നവരെ പാലാക്കാർ തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാണി സി കാപ്പൻ എം എൽ എ കോവിഡ് മുക്തനായി
പാലാ: കോവിഡ് മുക്തനായ മാണി സി കാപ്പൻ എം എൽ എ ക്വാറന്റീൻ കാലാവധി പൂർത്തീകരിച്ചതിനെത്തുടർന്നു നാളെ(13/12/2021) മുതൽ പൊതുരംഗത്ത് സജീവമാകും.