- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിലെ കർഷകവിജയം കേരളത്തിലെ കർഷകർ പാഠമാക്കണം: അഡ്വ.വി സി.സെബാസ്റ്റ്യൻ
കൊച്ചി: ഡൽഹിയിലെ കർഷകപോരാട്ടവിജയം കേരളത്തിലെ കർഷകർ പാഠമാക്കണമെന്നും കാർഷിക വിഷയങ്ങളിൽ ഒറ്റക്കെട്ടായി ഇടപെടൽ നടത്താൻ വിവിധ കർഷകപ്രസ്ഥാനങ്ങൾ കൂടുതൽ ഐക്യത്തോടെ പ്രവര്ത്തിക്കാൻ മുന്നോട്ടുവരണമെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.
ഇന്ത്യയിലെ വിവിധ കർഷകപ്രസ്ഥാനങ്ങളുടെ ദേശീയതല ഐക്യവേദിയാണ് ഡൽഹി കർഷകസമരത്തിന് നേതൃത്വം കൊടുത്ത രാഷ്ട്രീയ കിസാൻ മഹാസംഘ്. കേരളത്തിലെ 37 സ്വതന്ത്ര കർഷക സംഘടനകളിന്ന് ഈ കൂട്ടായ്മയുടെ ഭാഗമാണ്. പ്രാദേശിക തലത്തിൽ ഒറ്റപ്പെട്ടു പ്രവർത്തിച്ചതുകൊണ്ട് കർഷക സംഘടനകൾക്ക് ഒരു നേട്ടവുമുണ്ടാക്കാനാവില്ലെന്ന് കർഷകർ തിരിച്ചറിയണം. സംസ്ഥാനത്ത് ഒരുമിച്ച് പ്രവർത്തിക്കുന്നതിനോടൊപ്പം ദേശീയതലത്തിലും പങ്കാളികളായെങ്കിൽ മാത്രമേ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മുമ്പാകെ സംഘടിതരായി പ്രാദേശിക കാർഷിക പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരാനാവു.
കേരളത്തിലെ മലയോരമേഖലയെ വൻപ്രതിസന്ധിയിലാക്കി മനുഷ്യജീവനെ കവർന്നെടുക്കുന്ന വന്യജീവി അക്രമങ്ങളിൽ പരിഹാരമുണ്ടായേ പറ്റൂ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ ഒളിച്ചോടുമ്പോൾ കർഷകർ സംഘടിച്ചു നീങ്ങണം.
ഡിസംബർ 18 ശനിയാഴ്ച രാവിലെ 11 ന് തിരുവനന്തപുരം രക്തസാക്ഷിമണ്ഡപത്തിൽ നിന്ന് വന്യജീവി ശല്യമുൾപ്പെടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് കർഷകരുടെ സെക്രട്ടറിയേറ്റ് മാർച്ചും നിയമലംഘനപ്രഖ്യാപനവും നടക്കുകയാണ്. കേരളത്തിലെ എല്ലാ കർഷകസംഘടനകളും, കാർഷികാഭിമുഖ്യമുള്ള ഇതര സംഘടനകളും ഈ മുന്നേറ്റത്തിൽ പങ്കുചേരണമെന്നും വി സി,സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.
ഡൽഹി കർഷകപ്രക്ഷോഭത്തിൽ കേരളത്തിൽ നിന്ന് രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ ഭാഗമായി പങ്കെടുത്ത വിവിധ കർഷകസംഘടനാ നേതാക്കളെ സംസ്ഥാന കമ്മറ്റി അഭിനന്ദിച്ചു. ഡൽഹി, പഞ്ചാബ്, മദ്ധ്യപ്രദേശി എന്നിവടങ്ങളിലെ കർഷകനേതാക്കളും രാഷ്ട്രീയ കിസാൻ മഹാസംഘ് ദേശീയ നേതാക്കളും ഡിസംബർ 18ന് തിരുവനന്തപുരത്ത് നടക്കുന്ന സെക്രട്ടറിയേറ്റ് മാർച്ചിലും നിയമലംഘനപ്രഖ്യാപനത്തിലും പങ്കെടുക്കുമെന്ന് ജനറൽ കൺവീനർ അഡ്വ.ബിനോയ് തോമസ് അറിയിച്ചു.