- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവശ്യസാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് ജനം നടുത്തെരുവിൽ നിൽക്കുമ്പോൾ മുഖ്യമന്ത്രി അധികാര സുഖശീതളിമയിൽ അഭിരമിക്കുന്നു; ഇതിനെല്ലാം പുറമെ ബസ്സ് ചാർജും വൈദ്യുത ചാർജും വർധിപ്പിക്കാനാണ് സർക്കാർ നീക്കമെന്നും കെ.സുധാകരൻ എംപി
തിരുവനന്തപുരം: പച്ചക്കറി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം കൊണ്ട് ജനം പൊറുതി മുട്ടി നടുത്തെരുവിൽ നിൽക്കുമ്പോൾ മുഖ്യമന്ത്രി പാർട്ടി സമ്മേളന പരിപാടികളിൽ സജീവമായി പങ്കെടുത്ത് അധികാരത്തിന്റെ സുഖശീതളിമയിൽ അഭിരമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി.
വിലവർധനവിന് പ്രധാനകാരണമായ ഇടനിലക്കാരുടെ അനാവശ്യ ഇടപെടൽ നിയന്ത്രിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല. പച്ചക്കറിയുടെ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. തക്കാളി,മുരിങ്ങ,പയർ, ബീൻസ്, വെള്ളരി,കത്തിരി എന്നിവയുടെ പൊതുവിണയിലെ വില കിലോയ്ക്ക് 100 രൂപയ്ക്കുമുകളിലാണ്.കൂടാതെ ഇരുട്ടടിപോലെ സപ്ലൈകോ പലചരക്ക് സാധനങ്ങൾക്ക് വിലക്കൂട്ടി കൊള്ളനടത്തുന്നു.വിലവർധനവ് വിവാദമായപ്പോൾ നേരിയ ഇളവ് പ്രഖ്യാപിച്ച് തടിതപ്പുകയാണ് ഭക്ഷ്യമന്ത്രി ചെയ്തത്.ഇതിനെല്ലാം പുറമെ ബസ്സ് ചാർജും വൈദ്യുത ചാർജും വർധിപ്പിക്കാനാണ് സർക്കാർ നീക്കമെന്നും സുധാകരൻ പറഞ്ഞു.
സംസ്ഥാനത്ത് ക്രമസമാധാനം തകർന്നു. രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാപ്പകയുടെ പേരിലുള്ള കൊലപാതകങ്ങളും തുടർക്കഥയാകുന്നു. പോത്തൻകോടത്തെ കൊലപാതകം ഞെട്ടിക്കുന്നതാണ്.കിമിനൽക്കേസിൽ ഒളിവിൽപ്പോയ പ്രതിയെ പൊലീസിന് പിടിക്കാൻ കഴിയാതിരിക്കുമ്പോഴാണ് ക്വട്ടേഷൻ സംഘം ഇയാളെ കണ്ടെത്തി കൊലപ്പെടുത്തിയത്. ഇത് ആഭ്യന്തരവകുപ്പിന് നാണക്കേടാണ്.
ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട പൊലീസ് മോഫിയ പർവീണിന്റെ നീതിക്കായി പോരാടിയ കോൺഗ്രസ് പ്രവർത്തകരെ തീവ്രവാദികളായി ചിത്രീകരിക്കുകയാണ്.ഈ വിഷയത്തിൽ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ജാള്യത മറയ്ക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും സുധാകരൻ പരിഹസിച്ചു.
പിജി ഡോക്ടർമാരുടെ സമരം രണ്ടാഴ്ച പിന്നിട്ടിട്ടും പ്രശ്നപരിഹാരിത്തിന് സർക്കാർ ശ്രമിക്കുന്നില്ല. അതിന് പകരം അരോഗ്യവകുപ്പിന്റെ ഇന്നത്തെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടിയ അട്ടപ്പാടി നോഡൽ ഓഫീസർ പ്രഭുദാസിനെ രാഷ്ട്രീയ പ്രതികാരത്തിന്റെ പേരിൽ സ്ഥലംമാറ്റുകയാണ് സർക്കാർ ചെയ്യുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.




